കാരുണ്യ പദ്ധതി കുത്തുപാളയെടുപ്പിക്കുമോ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യസുരക്ഷാ പദ്ധതിയായ കാരുണ്യയുടെ പുതുക്കിയ പതിപ്പില്‍ വളരെ കുറഞ്ഞ നിരക്കിലുള്ള ചികിത്സാ പാക്കേജുകള്‍ ഉള്‍പ്പെടുത്തിയതില്‍ ആശുപത്രികള്‍ക്ക് ആശങ്ക.
തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്റര്‍, തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍, കളമശേരി കൊച്ചിന്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് , ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് എന്നീ സ്ഥാപനങ്ങളാണ് സര്‍ക്കാരിനെ ആശങ്ക അറിയിച്ചത്. പുതിയ പദ്ധതി ഏറെ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
പദ്ധതി സംബന്ധിച്ച് ആശങ്ക ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഓരോ പാക്കേജിന്റെയും വിശദമായ നിരക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ബാധ്യതകളും വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം അവസാനത്തോടെ അത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം യുക്തമായ നടപടിയെക്കുറിച്ച് ആലോചിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
കേന്ദ്ര ആരോഗ്യ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ പദ്ധതിയില്‍ പങ്കാളിയാകുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വ്യക്തമാക്കി. പദ്ധതി പ്രകാരം നിശ്ചയിച്ചിട്ടുള്ള തുക തീരെ കുറഞ്ഞുപോയെന്ന പരാതിയാണ് പൊതുവിലുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനാകില്ലെന്നും ഫലം വന്നശേഷം ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയാകാമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.
കാരുണ്യ ആരോഗ്യപദ്ധതി പുതിയ രൂപത്തില്‍ ഇതുവരെയും പൂര്‍ണമായി നടപ്പിലാക്കാന്‍ ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം പദ്ധതി നടപ്പിലാക്കുന്നത് ഈ മാസം 31 വരെ നീട്ടിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത്, സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ബെനവലന്റ് ഫണ്ട്, ചിസ്, ചിസ് പല്‍ തുടങ്ങിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളെയെല്ലാം കൂട്ടിയിണക്കിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തയാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."