സഊദിയിൽ 15 ശതമാനം വാറ്റും വിദേശികളുടെ ലെവിയും തുടരുമെന്ന സൂചന നൽകി അടുത്ത വർഷത്തെ ബജറ്റ് തയ്യാറാകുന്നു
റിയാദ്: സഊദിയിൽ കോവിഡ് മഹാമാരി സമ്മാനിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ദീർഘ സമയം വേണ്ടി വരുമെന്ന സൂചന നൽകി ധനകാര്യ മന്ത്രാലയം. അടുത്ത വര്‍ഷത്തേക്കുള്ള വാർഷിക ബജറ്റ് തയ്യാറെടുപ്പിലാണ് സഊദിയിൽ നിലവിലെ സാമ്പത്തിക പരിഷകരണം ശക്തമായി തന്നെ തുടരുമെന്ന സൂചനയുമായി ധനകാര്യ മന്ത്രാലയം രംഗത്തെത്തിയത്. കൊവിഡ് മൂലം വരുമാനം കുത്തനെ കുറയുകയും ചിലവ് ഇരട്ടിയോളം വര്‍ധിക്കുകയും ചെയ്തതോടെ ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ബജറ്റ് കമ്മി 298 ബില്യണ്‍ റിയാലാണ്.
എന്നാൽ, ശക്തമായ സാമ്പത്തിക പരിഷ്കരണത്തിലൂടെ ഇത് അടുത്ത വര്‍ഷത്തില്‍ കുറക്കാനാണ് മന്ത്രാലയത്തിന്റെ ശ്രമം. മൊത്തം വരുമാനം ഈ വർഷം 17 ശതമാനം ഇടിഞ്ഞ് 2019 ലെ 927 ബില്യൺ റിയാലിൽ നിന്ന് 770 ബില്യൺ റിയാലായി കുറയുമെന്നും 2021 ൽ 846 ബില്യൺ റിയാലായി ഉയരുമെന്നുമാണ് മന്ത്രാലയം വിലയിരുത്തുന്നത്.
ഇതിന്റെ ഭാഗമായി നിലവിൽ മൂന്നിരട്ടിയാക്കി വർധിപ്പിച്ച മൂല്യ വര്‍ധിത നികുതി ഇതേ പ്രകാരം നില നിർത്തിയേക്കും. കൊവിഡ് പ്രതിസന്ധിയിൽ എണ്ണേതര വരുമാനവും കുറയുകയും ചിലവ് ഗണ്യമായി വർധിക്കുകയും ചെയ്തതോടെയാണ് വരവ് വർധിപ്പിക്കുന്നതിനു മൂല്യ വര്‍ധിത നികുതി അഥവാ വാറ്റ് മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചത്. അഞ്ചു ശതമാനം വാറ്റിൽ നിന്നും ഒറ്റയടിക്ക് 15 ശതമാണമയാണ് ഉയർത്തിയത്.
ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ബജറ്റ് കമ്മി 298 ബില്യണ്‍ റിയാലാണ്. ഇത് അടുത്ത സാമ്പത്തിക വർഷത്തിൽ 145 ബില്യണ്‍ റിയാലാക്കി ബജറ്റ് കമ്മി കുറക്കുകയാണ് ലക്ഷ്യം. അടുത്ത വര്‍ഷവും കൊവിഡ് സൃഷ്ടിച്ച പ്രത്യാഘാതം വരുമാനത്തിലുണ്ടാകും. നികുതി വർധനവും പ്രവാസികളില്‍ നിന്നും ഈടാക്കുന്ന ലെവിയിലും തുടർന്നാൽ അടുത്ത വര്‍ഷം വരുമാനത്തില്‍ ഒമ്പത് ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്‍റെ പ്രതീക്ഷ.
2020 ലെ 12 ശതമാനം ബജറ്റ് കമ്മി അടുത്ത വർഷം 5.1 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. 2022 ൽ 955 ബില്ല്യൺ റിയാലിലേക്കും 2023 ൽ 941 ബില്യൺ റിയാലുകളിലേക്കും ചിലവ് കുറയുമെന്നാണ് കരുതുന്നത്. ഈ രണ്ട് വർഷങ്ങളിൽ കമ്മി 3 ശതമാനമായും 0.4 ശതമാനമായും ചുരുങ്ങുമെന്നും വിലയിരുത്തുന്നുണ്ട്. ഈ വർഷം 1.07 ട്രില്യൺ റിയാലാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."