വികസന കമ്മിഷണര്‍മാരുടെ നിയമനം റവന്യൂ മന്ത്രി എതിര്‍ത്തു; മുഖ്യമന്ത്രി നിയമിച്ചു
തിരുവനന്തപുരം: എല്ലാ ജില്ലകളിലും വികസന കമ്മിഷണര്‍മാരായി ഐ.എ.എസുകാരെ നിയമിക്കണമെന്ന് ശുപാര്‍ശ ചെയ്തത് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത.
എന്നാല്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കലക്ടര്‍മാരുടെയും എ.ഡി.എമ്മുമാരുടെയും അധികാരം വെട്ടിക്കുറയ്ക്കരുതെന്നും കലക്ടറുടെ അതേ പദവിയില്‍ മറ്റൊരു ഐ.എ.എസുകാരനെ നിയമിച്ചാല്‍ ഉദ്യോഗസ്ഥ തലത്തില്‍ തന്നെ എതിര്‍പ്പുണ്ടാകുമെന്നും മറ്റൊരു കേഡര്‍ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നത് ഈ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സര്‍ക്കാരിന് വന്‍ ബാധ്യതയാണെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെ മുഖ്യമന്ത്രി നേരിട്ടു തന്നെ നിയമനം നടത്തുകയായിരുന്നു. പുതിയ തസ്തിക സൃഷിക്കുന്നതും ഐ.എ.എസുകാരുടെ നിയമനങ്ങളും മന്ത്രിസഭായോഗത്തിലാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ റവന്യൂ മന്ത്രി എതിര്‍പ്പു പറഞ്ഞതിനെ തുടര്‍ന്ന് മന്ത്രിസഭാ യോഗത്തിനു തലേദിവസം തന്നെ ഒരു വര്‍ഷത്തേക്ക് പുതിയ തസ്തിക സൃഷ്ടിച്ച് മുഖ്യമന്ത്രി നേരിട്ട് ഉദ്യോഗസ്ഥരെ നിയമിക്കുകയായിരുന്നു. ഉത്തരവിറങ്ങിയതിനു ശേഷമാണ് നിയമന വിവരം റവന്യൂ മന്ത്രി അറിയുന്നത്.
മന്ത്രിസഭാ യോഗത്തില്‍ പോലും ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനത്തില്‍ സി.പി.ഐക്ക് അതൃപ്തിയുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പ്രതിഷേധം അറിയിച്ചതായാണ് വിവരം.
എല്ലാം കലക്ടര്‍ക്ക് തുല്യം
തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാര്‍ക്ക് അനുവദിച്ച എല്ലാ സൗകര്യങ്ങളും വികസന കമ്മിഷണര്‍മാര്‍ക്കും ഒരുക്കണമെന്നാണ് ഉത്തരവ്. പുതിയ കാറുകള്‍, ഡ്രൈവര്‍മാര്‍, ബംഗ്ലാവ്, സി.എമാര്‍, ജീവനക്കാര്‍, ഗണ്‍മാന്‍മാര്‍, ഓഫിസായി കലക്ടറേറ്റിലോ അവിടെ സൗകര്യമില്ലെങ്കില്‍ ജില്ലാ കേന്ദ്രങ്ങളിലോ പ്രത്യേകം ഫര്‍ണിഷ് ചെയ്ത മുറികള്‍ എന്നിവ ഒരുക്കണമെന്ന് ഉത്തരവിലുണ്ട്. ഇവര്‍ക്ക് ഒന്നര മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് ശമ്പള സ്‌കെയില്‍ നിശ്ചയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."