കക്കാടംപൊയില്‍ അനധികൃത തടയണ പൊളിച്ചുതുടങ്ങി; ഭീതിയൊഴിയാതെ കോളനിക്കാര്‍
നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളം ഒഴുക്കിവിടാനായി തടയണയുടെ ഒരുഭാഗംപൊളിച്ചു തുടങ്ങി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റ ഉത്തരവ് പ്രകാരമാണ് നടപടി ആരംഭിച്ചത്.
അടിയന്തരമായി തടയണയുടെ ഒരു ഭാഗം തുറന്ന് വെള്ളം പൂര്‍ണമായും ഒഴുക്കിവിടണമെന്നും കാട്ടരുവിയുടെ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തണമെന്നും ഏപ്രില്‍ 10ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. കേസ് 22ന് പരിഗണിക്കാനിരിക്കെയാണ് മണ്ണുമാന്തി ഉപയോഗിച്ച് തടയണയുടെ ഒരു ഭാഗം പൊളിച്ചുതുടങ്ങിയത്. എന്നാല്‍ ജില്ലാ ഭരണകൂടത്തെയോ വിദഗ്ദസമിതിയെയോ അറിയിക്കാതെയാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഒരാഴ്ചയായി വെള്ളം തുറന്നുവിടാനുള്ള പ്രവൃത്തി നടത്തുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ പ്രകാരം മണ്ണിടിച്ചില്‍ സാധ്യതാ മേഖലയിലെ ചീങ്കണ്ണിപ്പാലിയില്‍ 2015 ലാണ് കാട്ടരുവിയുടെ ഇരുവശത്തെ മലയിടിച്ച് തടയണ നിര്‍മിച്ച് കൃത്രിമ തടാകമുണ്ടാക്കിയത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ റോപ് വേ നിര്‍മാണവും അരംഭിച്ചിരുന്നു.
അതേസമയം ചിലരെ കാവല്‍നിര്‍ത്തി ഇവിടേക്കുള്ള പ്രവേശനം നിഷേധിച്ചാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് തടയണയുടെ ഒരുവശത്തുനിന്നും വ്യാപകമായി മണ്ണ് നീക്കുന്നത്. ഇത്തരത്തില്‍ നീക്കിയ മണ്ണ് തടയണയുടെ ഒരുവശത്ത് നിക്ഷേപിച്ചിട്ടുമുണ്ട്.
നീക്കം ചെയ്യുന്ന മണ്ണ് യന്ത്രം ഉപയോഗിച്ച് തടാകത്തിലേക്ക് തള്ളുകയാണ്. ഇത് മലയുടെ താഴ്ഭാഗത്തുള്ള കരിമ്പ് ആദിവാസി കോളനിക്കും താമസക്കാര്‍ക്കും വലിയ ഭീഷണി സൃഷ്ടിക്കും. മഴ ശക്തിപ്പെടുമ്പോള്‍ മണ്ണും ചെളിയും ഒലിച്ചെത്തി അപകടം ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തടയണ തുറന്ന് വെള്ളം പൂര്‍ണമായും ഒഴുക്കിവിടാനും കാട്ടരുവിയുടെ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്താനുമാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. തടയണക്കെതിരായ പരാതിക്കാരന്‍ എം.പി വിനോദ് 14ന് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണക്കും വിദഗ്ദസമിതിയെ നയിക്കുന്ന പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അലോക് മിശ്രക്കും പരാതി നല്‍കിയെങ്കിലും ജില്ലാ ഭരണകൂടം ഇവിടെ സന്ദര്‍ശിക്കുകയോ സ്ഥിതിഗതികള്‍ വിലയിരുത്തുകയോ ചെയ്തിട്ടില്ല. രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂര്‍ണമായും ഒഴുക്കിവിടണമെന്ന കഴിഞ്ഞ വര്‍ഷം ജൂലൈ 10ന് ഹൈക്കോടതി നല്‍കിയ ഉത്തരവ് 10 മാസം കഴിഞ്ഞിട്ടും നടപ്പാക്കിയിരുന്നില്ല. ഇക്കാര്യം പരാതിക്കാരന്‍ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റായി, ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുടെ ഡിവിഷന്‍ബെഞ്ച് തടയണയിലെ വെള്ളം അടിയന്തിരമായി തുറന്നുവിടാനും കാട്ടരുവിയുടെ സ്വാഭാവിക നീരൊഴുക്ക് നിലനിര്‍ത്താനും ഉത്തരവിട്ടത്.
തടയണ തകര്‍ന്നാല്‍ കരിമ്പ് ആദിവാസി കോളനിയിലെ 20 കുടുംബങ്ങളുടെ സ്വത്തിനും ജീവനും നഷ്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യംകൂടി കണക്കിലെടുത്താണ് തടയണ പൊളിച്ച് വെള്ളം ഒഴുക്കിവിടാനുള്ള ഹൈക്കോടതി ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."