ഒരു കോടിയുടെ സ്വര്‍ണവുമായി രണ്ട് പേര്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍
വിമാനത്താവള ജീവനക്കാരന്റെ സഹായത്തോടെ സ്വര്‍ണം കടത്താന്‍ വീണ്ടും ശ്രമം
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരന്റെ സഹായത്തോടെ അനധികൃതമായി സ്വര്‍ണം കടത്താന്‍ വീണ്ടും ശ്രമം. ഒരു കോടി രൂപ വിലവരുന്ന മൂന്നേകാല്‍ കിലോഗ്രാം സ്വര്‍ണവുമായി രണ്ട് പേര്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) വിഭാഗത്തിന്റെ പിടിയിലായി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്ക് ദുബൈയില്‍ നിന്നും വന്ന ഇ.കെ 532 നമ്പര്‍ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം സ്വദേശി മുഹമ്മദ് അശ്‌റഫ്, വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റലിങ് ഏജന്‍സി സൂപ്പര്‍വൈസര്‍ നെടുമ്പാശ്ശേരി കരിയാട് സ്വദേശി ജോസ് പോള്‍ എന്നിവരാണ് പിടിയിലായത്.
മുഹമ്മദ് അശ്‌റഫ് വിമാനം ഇറങ്ങിയ ശേഷം ടി.3 ടെര്‍മിനലിലെ ശുചിമുറിയില്‍ വച്ച് സ്വര്‍ണം ജോസ് പോളിന് കൈമാറുന്നതിനിടെയാണ് പിടിയിലായത്. ജോസ് പോള്‍ മുഖേന കസ്റ്റംസ് പരിശോധനയില്ലാതെ സ്വര്‍ണം പുറത്തെത്തിക്കുകയായിരുന്നു കള്ളക്കടത്തു സംഘത്തിന്റെ ലക്ഷ്യം.സ്വര്‍ണം കടത്തുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. ബിസ്‌കറ്റ് രൂപത്തിലാണ് സ്വര്‍ണം അശ്‌റഫ് സൂക്ഷിച്ചിരുന്നത്. ശുചിമുറിയില്‍ വച്ച് അശ്‌റഫില്‍ നിന്നും സ്വര്‍ണം സ്വീകരിച്ച് ജോസ് പോള്‍ അരയില്‍ തിരുകുന്നതിനിടെയാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."