ഭിന്നശേഷിക്കാരന് സ്‌കൂള്‍ പ്രവേശനം നല്‍കിയില്ല; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
കൊച്ചി: ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കാന്‍ വിസമ്മതിച്ച സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. സി.ബി.എസ്.ഇ റീജ്യനല്‍ ഡയരക്ടറും പൊതുവിദ്യാഭ്യാസ ഡയരക്ടറും അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആണ് ഉത്തരവിട്ടത്.
കുട്ടിയുടെ രക്ഷകര്‍ത്താക്കളില്‍ നിന്ന് മുന്‍കൂര്‍ തുക വാങ്ങിയ ശേഷം പ്രവേശനം നല്‍കാതിരുന്ന തിരുവാണിയൂരിലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പരാതിയെക്കുറിച്ച് രേഖാമൂലം വിശദീകരണം നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. കേസ് ജൂണ്‍ ഏഴിന് കളമശേരി പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
എറണാകുളം ഏലംകുളം സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. ഹൈപ്പര്‍ ആക്റ്റിവിറ്റിക്ക് ചികിത്സ നടത്തുന്ന തന്റെ ചെറുമകന് നാലാം ക്ലാസ് പ്രവേശനത്തിന് വേണ്ടിയാണ് പരാതിക്കാരന്‍ സ്വകാര്യ സ്‌കൂളുകളെ സമീപിച്ചത്.
മൈസൂരുവിലെ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയാണ് ചെറുമകന്‍. പരാതിക്കാരന്റെ മകന്‍ ജോലിസംബന്ധമായി അമേരിക്കയില്‍ പോയത് കാരണമാണ് കുട്ടിയെ എറണാകുളത്തെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ശ്രമിച്ചത്.
കുട്ടിയെ ഏതെങ്കിലും സ്‌പെഷല്‍ സ്‌കൂളില്‍ ചേര്‍ക്കാനായിരുന്നു സ്‌കൂളുകളില്‍ നിന്നും ലഭിച്ച ഉപദേശം. എന്നാല്‍ സാധാരണ സ്‌കൂളില്‍ ചേര്‍ക്കാനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. തിരുവാണിയൂരിലെ പബ്ലിക് സ്‌കൂള്‍ കുട്ടിയെ അഭിമുഖം നടത്തിയ ശേഷം പ്രവേശനം നല്‍കാമെന്ന് സമ്മതിച്ചു. പണവും അടച്ചു.
കുട്ടിയെ സഹായിക്കാന്‍ പ്രത്യേക അധ്യാപികയെ നിയോഗിക്കാമെന്നും ധാരണയായിരുന്നു. അതിനുള്ള പണം അടയ്ക്കാനും വീട്ടുകാര്‍ സമ്മതിച്ചു. എന്നാല്‍ ഇപ്പോള്‍ പ്രവേശനം നല്‍കില്ലെന്നാണ് നിലപാട്.
2016ല്‍ ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശങ്ങള്‍ ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തിയ രാജ്യത്ത് ഭിന്നശേഷിക്കാരന് സ്‌കൂള്‍ പ്രവേശനം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."