'ഞങ്ങളെ ചേര്‍ത്തു പിടിച്ചു, ഞങ്ങളുടെ കുഞ്ഞിനെ കുറിച്ചു മാത്രമാണവര്‍ ചോദിച്ചത്'- രാഹുലിന്റേയും പ്രിയങ്കയുടേയും സന്ദര്‍ശനത്തെ പരിഹസിക്കുന്നവരോട് ഹാത്രസിലെ മാതാവ് പറയുന്നു
ലഖ്നോ: 'അവരെന്നോടൊപ്പം (പ്രിയങ്കാ ഗാന്ധി) ഇരുന്നു. എന്നെ ചേര്‍ത്തു പിടിച്ചു. എന്റെ കണ്ണീരൊപ്പി. എന്റെ മകളെ കുറിച്ച് ചോദിച്ചു'. ഹാത്രാസില്‍ ഒരു കൂട്ടം സവര്‍ണര്‍ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന 19കാരിയുടെ മാതാവ് പറയുന്നു. എങ്ങിനെയാണ് എന്റെ കുഞ്ഞ് മരിച്ചതെന്ന്. സെപ്തംബര്‍ 14ന് എന്താണ് സംഭവിച്ചതെന്ന്. ഞങ്ങളില്‍ നിന്ന് തട്ടിപ്പറിച്ച് യോഗി പൊലിസ് എങ്ങിനെയാണ് അവളുടെ ശരീരം കത്തിച്ചു കളഞ്ഞെന്ന്. എന്റെ കുഞ്ഞിന് നീതി ലഭ്യമാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് അവര്‍ ഞങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇനിയും വറ്റാത്ത കണ്ണീര്‍ തുടച്ച് ആ മാതാവ് പറയുന്നു. സണ്‍ഡേ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം. തങ്ങളുടെ മകളെ കുറിച്ച് മാത്രമാണ് ഇരുവരും ചോദിച്ചതെന്ന് അവര്‍ ആവര്‍ത്തിച്ചു.
കേസ് സി.ബി.ഐ അന്വേഷിക്കണോ എന്ന് ഇരുവരും കുട്ടിയുടെ കുടുംബത്തോട് ചോദിച്ചതായും കുടുംബം വേണ്ടെന്നു പറഞ്ഞതായും കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശന സമയത്ത് കുടുംബത്തോടൊപ്പമുണ്ടായിരുന്ന ആക്ടിവിസ്റ്റ് യോഗിത ബയാന പറയുന്നു.
അതേസമയം, ഹാത്രസ് കൂട്ട ബലാത്സംഗ കേസില്‍ സി.ബി.ഐ സി.ബി.ഐ അന്വേഷണത്തിനു യോഗി ഉത്തരവിട്ടിട്ടുണ്ട്. രാഹുലും പ്രിയങ്കയും ഹാത്രസിലെത്തി യുവതിയുടെ വീട് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് നടപടി.
''കുടുംബത്തിന് അവസാനമായി അവരുടെ മകളെ കാണാന്‍ കഴിഞ്ഞില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ഉത്തരവാദിത്തം മനസിലാക്കണം. നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ ഈ പോരാട്ടം തുടരും,'' യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം പ്രിയങ്ക ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രണ്ടുദിവസം നീണ്ട ശ്രമത്തിനൊടുവിലാണു രാഹുലിനും പ്രിയങ്കയ്ക്കും ഹാത്രസിലെത്താന്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഇവരെ യുപി പൊലിസ് തടഞ്ഞ് ഡല്‍ഹിയിലേക്കു തിരിച്ചയച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് യുവതിയുടെ വീട് സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍കിയത്.
യുവതിയുടെ മരണവും പൊലിസ് നിര്‍ബന്ധപൂര്‍വം നടത്തിയ ശവസംസ്‌കാരവും ഏറെ വിവാദമായിരുന്നു. യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധം അലയടിച്ചു. ഹാത്രസ് പൊലിസ് സൂപ്രണ്ട് വിക്രാന്ത് വീര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."