ദൈവത്തോട് തനിക്കായി ഒന്നും ആവശ്യപ്പെട്ടില്ല, പ്രാര്‍ത്ഥിച്ചത് രാജ്യത്തെ ജനങ്ങളുടെ ശാന്തിക്കായി- കേദാര്‍ നാഥ് സന്ദര്‍ശനത്തിനു ശേഷം മോദി
കേദാര്‍നാഥ്: കേദാര്‍നാഥിലെ 'ധ്യാനം' കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറങ്ങി. ദൈവത്തോട് തനിക്കു വേണ്ടി ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിലെ ജനങ്ങളുടെ ശാന്തിക്കും സമാധാനത്തിനും വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. കേദാര്‍നാഥിലെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് സവിശേഷ ഭാഗ്യമാണെന്നും സന്ദര്‍ശനം ആത്മീയ ഉണര്‍വ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേദാര്‍നാഥിലെ വികസനം പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയില്‍ പൂര്‍ത്തിയാക്കുമെന്നും മോദി പറഞ്ഞു. രണ്ടു ദിവസം ഏകാന്തതയില്‍ കഴിയാന്‍ അനുമതി നല്കിയ തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറയുന്നു. തന്റെ പ്രവര്‍ത്തനങ്ങളില്‍ ധ്യാനത്തിന്റെ പ്രതിഫലനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെയാണ് പ്രധാനമന്ത്രി കേദാര്‍നാഥിലെത്തിയത്. തുടര്‍ന്ന് അദ്ദേഹം കേദാര്‍നാഥിലെ ഗുഹയില്‍ രാത്രി മുഴുവന്‍ ധ്യാനത്തിലിരിക്കുകയാണെന്നാണ് അവകാശപ്പെട്ടത്. കിടക്കയും തലയിണയും ഹാങ്ങറുമൊക്കെ ഗുഹയില്‍ സജ്ജീകരിച്ചത് ധ്യാനത്തിലിരിക്കുന്നവെന്ന അവകാശവാദത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. മോദിയുടെ മുഖത്തെ കണ്ണടകള്‍ എടുത്തുമാറ്റാത്തതും സംശയത്തിന് ഇടയാക്കിയിരുന്നു.
നിശബ്ദ പ്രചരണ വേളയിലാണ് ടി.വി ചാനലുകള്‍ തോറും കേദാര്‍നാഥ് സന്ദര്‍ശിക്കുന്ന മോദിയുടെ വീഡിയോ സംപ്രേഷണം ചെയ്യുന്നത്. തെരഞ്ഞെടുപ്പു കമ്മീഷന് ഉറക്കം തുടരുകയാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലനില്‍ക്കേ മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം വോട്ട് ലക്ഷ്യമിട്ടാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു.
വെള്ളിയാഴ്ചയാണ് ഏഴാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."