ഇദ്‌ലിബില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് തുര്‍ക്കി; എതിര്‍ത്ത് റഷ്യ
തെഹ്‌റാന്‍: സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള അവസാന കേന്ദ്രമായ ഇദ്‌ലിബിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് തുര്‍ക്കി. ഇദ്‌ലിബില്‍ രക്തച്ചൊരിച്ചില്‍ തുടരുന്നതിനോട് വിയോജിപ്പാണെന്നും അതിനാല്‍ വെടിനിര്‍ത്തലിന് പ്രധാന്യം നല്‍കണമെന്നും തുര്‍ക്കി പ്രസിഡന്റ് റജ്ബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.
ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നടന്ന ഇറാന്‍-തുര്‍ക്കി-റഷ്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉര്‍ദുഗാന് പുറമെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.
ഇദ്‌ലിബിലെ ആക്രമണങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്കും നരഹത്യക്കുമാണ് കാരണമാവുക. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ഈ ഉച്ചകോടിയിലെ നിര്‍ണായക നീക്കമായി അത് മാറും. എല്ലാവരും പരിഗണക്കുന്ന യുക്തപൂര്‍വുമായ പരിഹാരം ഇദ്‌ലിബില്‍ കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഉര്‍ദുഗാന്റെ ആവശ്യത്തെ റഷ്യ എതിര്‍ത്തു. ഇദ്‌ലിബില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് വിമതര്‍ക്ക് പ്രത്യാശ നല്‍കുമെന്നും ബഷാറുല്‍ അസദിന്റെ ഭരണം അംഗീകരിക്കാത്ത ഇവര്‍ ആയുധം വച്ച് കീഴടങ്ങുകയാണ് വേണ്ടെതെന്നും പുടിന്‍ പറഞ്ഞു. മേഖല പൂര്‍ണമായും സിറിയന്‍ സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബഷാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയയിലെ നിയമാനുസൃത സര്‍ക്കാരിനെ അംഗീകരിക്കണമെന്നും ഇദ്‌ലിബ് തീവ്രവാദ മുക്തമാക്കണമെന്നും ഹസന്‍ റൂഹാനി ആവശ്യപ്പെട്ടു. ഇവിടെയുള്ള തീവ്രവാദത്തിനെതിരേ പോരാടല്‍ അനിവാര്യമാണ്. സിറിയയിലേക്ക് സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാന്‍ പോരാട്ടം ആവശ്യമാണ്. സമാധാനത്തിന് വേണ്ടിയാണ് നാം പോരാടുന്നത്. സിറിയയിലെ സമാധാന സ്ഥാപനത്തിനായി തീവ്രവാദത്തെ ഉന്മൂലനം ചെയ്യണം. സിറിയയിലെ യു.എസിന്റെ ഇടപെടല്‍ അവസാനിപ്പിക്കണം. അസദ് സര്‍ക്കാരിനെ പിന്തുണക്കാതെയുള്ള ഇടപെടലുകള്‍ ഗുരുതര പ്രതിസന്ധികളുണ്ടാക്കുമെന്ന് റൂഹാനി പറഞ്ഞു.
സിറിയയിലെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ത്രിരാഷ്ട്രങ്ങളുടെ അടുത്ത ഉച്ചകോടി റഷ്യയില്‍ നടക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ പുടിന്‍, റൂഹാനി, ഉര്‍ദുഗാന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."