ഐ.സി.സി ചാംപ്യന്‍സ് ട്രോഫി: ഇന്ത്യ കളിക്കും; ടീമിനെ ഇന്നറിയാം
ന്യൂഡല്‍ഹി: അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കും വിരാമം. ഐ.സി.സി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കും. ഇന്നലെ പ്രത്യേക യോഗം ചേര്‍ന്നാണ് ബി.സി.സി.ഐ ഇന്ത്യന്‍ ടീമിനെ ടൂര്‍ണമെന്റിനയക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ ജൂണ്‍ ഒന്ന് മുതല്‍ 18 വരെ ഇംഗ്ലണ്ടിലാണ് നടക്കുന്നത്.
ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തിയതി കഴിഞ്ഞ മാസം 25 ആയിരുന്നു. ഇന്ത്യ ഒഴികെ ബാക്കിയുള്ള എട്ട് ടീമുകളും ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഐ.സി.സിയുടെ പുതിയ സാമ്പത്തിക നയത്തില്‍ പ്രതിഷേധിച്ച് ചാംപ്യന്‍സ് ട്രോഫിക്ക് ടീമിനെ അയക്കേണ്ടതില്ലെന്ന കടുത്ത തീരുമാനമടക്കമുള്ളവ എടുക്കാനുള്ള ഒരുക്കത്തിലായിരുന്നു ബി.സി.സി.ഐ. എന്നാല്‍ സുപ്രിം കോടതി നിയോഗിച്ച ഇടക്കാല ഭരണ സമിതി ടീമിനെ അയക്കണമെന്ന അന്ത്യശാസനം നല്‍കിയതോടെയാണ് ബി.സി.സി.ഐ അധികൃതര്‍ ഇന്നലെ പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊണ്ടത്. ഐ.സി.സിക്കെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ നിന്നും ബി.സി.സി.ഐ പിന്‍മാറിയിട്ടുണ്ട്.
സാമ്പത്തിക വിഷയത്തില്‍ ഐ.സി.സിയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ ബി.സി.സി.ഐ സെക്രട്ടറി അമിതാഭ് ചൗധരിയെ യോഗം ചുമതലപ്പെടുത്തി.
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കണമെന്ന് നേരത്തെ മുന്‍ ഇന്ത്യന്‍ നായകന്‍മാരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരും നിരവധി മുന്‍ താരങ്ങളും പരസ്യമായി തന്നെ ആവശ്യപ്പെട്ടിരുന്നു.
പുതിയ സാമ്പത്തിക നയം കൊണ്ടുവരാനുള്ള തീരുമാനവും വരുമാനം പങ്കിടുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കൗണ്‍സിലുമായുള്ള തര്‍ക്കങ്ങളുമാണ് ഐ.സി.സി- ബി.സി.സി.ഐ ശീതസമരത്തിനാധാരം. ഐ.സി.സിയുടെ പുതിയ സാമ്പത്തിക നയത്തില്‍ ഏറ്റവും അധികം നഷ്ടം സംഭവിക്കുന്നത് ബി.സി.സി.ഐക്കാണ്.
കഴിഞ്ഞ മാസം ദുബൈയില്‍ നടന്ന ഐ.സി.സി യോഗത്തില്‍ അംഗങ്ങളെല്ലാം പുതിയ സാമ്പത്തിക നയത്തെ പിന്തുണച്ചപ്പോള്‍ ഇന്ത്യ മാത്രമാണ് എതിര്‍ത്തത്.
വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ചാംപ്യന്‍സ് ട്രോഫിയടക്കം അടുത്ത എട്ട് വര്‍ഷത്തെ ഐ.സി.സിയുടെ ടൂര്‍ണമെന്റുകള്‍ മുഴുവന്‍ ബഹിഷ്‌കരിക്കുന്നതടക്കമുള്ള കടുത്ത തീരുമാനം കൈക്കൊള്ളുകയെന്ന നയത്തിലേക്ക് ബി.സി.സി.ഐ എത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടക്കാല ഭരണ സമിതിയുടെ ഇടപെടല്‍ ബി.സി.സി.ഐയുടെ പദ്ധതികളെ പൊളിക്കുന്നതായിരുന്നു.
നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിച്ച ഐ.സി.സി ബി.സി.സി.ഐ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമേകുന്നതാണ് തീരുമാനമെന്നും മികച്ച ടൂര്‍ണമെന്റാണ് ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്നതെന്നും ഐ.സി.സി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."