HOME
DETAILS
MAL
ജീവനക്കാരുടെ അപര്യാപ്തതയില്‍ വട്ടംചുറ്റി മെഡിക്കല്‍ കോളജുകള്‍
backup
October 05 2020 | 01:10 AM
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് പ്രൊമോഷന്‍ നല്‍കുന്നതും പുതിയ നിയമനങ്ങളും നീളുന്നു. നിയമനവുമായി ബന്ധപ്പെട്ട് പി.ജി ഡോക്ടേഴ്‌സ് അസോസിയേഷന്‍ സുപ്രിംകോടതിയെ സമീപിച്ചതോടെയാണ് പ്രൊമോഷനില്‍ തടസമുണ്ടായത്. പുതിയ നിയമനങ്ങള്‍ നടക്കാത്തത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും താളംതെറ്റിച്ചിട്ടുണ്ട്. വിവിധ മെഡിക്കല്‍ കോളജുകളിലെ ഗൈനക്കോളജി, കാര്‍ഡിയാക് സര്‍ജറി വിഭാഗങ്ങളില്‍ ഉള്‍പ്പെടെയാണ് പുതിയ നിയമനങ്ങളും പ്രൊമോഷനും നടക്കാത്തത്.
2014 മുതലുള്ള ഡോക്ടര്‍മാര്‍ ഇപ്പോഴും പ്രൊമോഷന്‍ കാത്തുനില്‍ക്കുകയാണ്. ഗൈനക്കോളജി വിഭാഗത്തില്‍ മാത്രം 14 അസോസിയേറ്റ് പ്രൊഫസര്‍മാരുടെ ഒഴിവുണ്ട്. കാര്‍ഡിയാക് സര്‍ജറിയില്‍ മൂന്ന് അസോസിയേറ്റ് പ്രൊഫസര്‍മാരുടെയും രണ്ട് പ്രൊഫസര്‍മാരുടെയും ഒഴിവാണുള്ളത്. അതാത് വിഷയങ്ങളില്‍ പി.ജിയുള്ളവരെ മാത്രമേ അധ്യാപകരാക്കാവൂവെന്ന നിലപാട് സ്വീകരിച്ച് പി.ജി ഡോക്ടേഴ്‌സ് അസോസിയേഷന്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കേസ് തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങളും പ്രൊമോഷനും മെഡിക്കല്‍ കോളജുകളില്‍ നടക്കാത്തത്.
അസോസിയേറ്റ് പ്രൊഫസര്‍മാരില്‍ പലരും 55 വയസിന് മുകളിലായതിനാല്‍ ഇവര്‍ക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ പ്രൊമോഷന്‍ നടപടി ആരംഭിച്ചാല്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ് ഉണ്ടാവുകയും ജൂനിയര്‍ ഡോക്ടര്‍മാരെ ഈ തസ്തികയില്‍ നിയമിക്കാനുമാകും. ഇതിനുമുന്‍പ് മെഡിക്കല്‍ കോളജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 55ല്‍ നിന്ന് 62 ആക്കിയപ്പോള്‍ ഏഴുവര്‍ഷം പുതിയ ഡോക്ടര്‍മാരുടെ നിയമനം മുടങ്ങിയിരുന്നു. പ്രൊമോഷന്‍ നല്‍കുകയും പി.എസ്.സി വഴി നിയമനം നടത്തുകയും ചെയ്താല്‍ കൊവിഡ് ചികിത്സയിലെ ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."