HOME
DETAILS
MAL
കൊവിഡ് ഡ്യൂട്ടി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം വേണ്ട
backup
October 05 2020 | 01:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ വിലക്കി സര്‍ക്കാര്‍. കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണത്തിനായി അനുവദിച്ചിരുന്ന പ്രത്യേക ഡ്യൂട്ടി ഓഫ് അവസാനിപ്പിച്ചു. കൊവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഇനി നിരീക്ഷണത്തില്‍ പോകണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം.
നിലവില്‍ 10 ദിവസം ഡ്യൂട്ടിക്ക് ശേഷം 7 ദിവസം നിരീക്ഷണം അനുവദിച്ചിരുന്നു. അതേസമയം, കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം വരുന്ന സാഹചര്യം ഉണ്ടായാല്‍ നിരീക്ഷണത്തില്‍ വിടുന്നത് അടക്കമുള്ള കാര്യങ്ങള്‍ അതാത് ആശുപത്രികളിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കാമെന്നും നിര്‍ദേശമുണ്ട്.
രോഗപ്പകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നും കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പി.പി.ഇ കിറ്റ് ധരിച്ചിരിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തിലുണ്ട്. കൂടാതെ കൊവിഡ് ഡ്യൂട്ടിക്കായി റിസര്‍വ് പൂളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് നടപടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
കൊവിഡ് കാലത്തിനു മുമ്പുണ്ടായിരുന്ന രീതിയില്‍ മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉള്ളതു പോലെ ജീവനക്കാര്‍ക്ക് പ്രതിവാര ഓഫും ഡ്യൂട്ടി ഓഫും കോംപന്‍സേറ്ററി ഓഫും എടുക്കാമെന്ന് ആരോഗ്യ സെക്രട്ടറി രാജന്‍ കൊബ്രഗഡേ അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിനായി അനുവദിച്ചിരുന്ന അവധി വെട്ടിക്കുറച്ചതിലൂടെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗ ബാധ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ നടപടിക്കെതിരേ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘടനകളും പ്രതിഷേധമറിയിച്ചിട്ടുണ്ട്. കടുത്ത അനീതിയെന്ന് കെ.ജി.എം.ഒ.എയും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."