ചര്‍മം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മനുഷ്യന്റെ പ്രധാന അവയവങ്ങളിലൊന്നാണ് ത്വക്. ശരീരത്തെ പൊതിഞ്ഞ് സൂക്ഷിക്കുന്നതും ആകൃതി നല്‍കുന്നതും ചൂട്, തണുപ്പ് തുടങ്ങിയവയില്‍നിന്ന് സംരക്ഷിക്കുന്നതും ത്വക് ആണ്.
സൗന്ദര്യത്തിന്റെ പ്രധാന മാനദണ്ഡം ത്വക് ഭംഗിയായത് ഒരു യാഥാര്‍ഥ്യമാണ്. അഴകുള്ള ചര്‍മം ഏവരും കാംഷിക്കുന്നു. അതുകൊണ്ടുതന്നെ ചര്‍മ സംരക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.
നമ്മുടെ തൊലിപ്പുറത്ത് കാണുന്ന പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കാന്‍ എളുപ്പമല്ല. അകത്തുള്ള വൃക്കയോ ഗര്‍ഭപാത്രമോ എടുത്തുകളഞ്ഞാല്‍ പുറത്തൊരു ന്യൂനതയും കാണാനുണ്ടാവില്ല. എന്നാല്‍ മുഖത്തൊരു അരിമ്പാറയോ കൈത്തണ്ടയില്‍ ചുവന്ന തുടിപ്പോ ഉണ്ടായാല്‍ നാലാളുകള്‍ കാണും അതിനാല്‍ തന്നെ അപകര്‍ഷതയും മനോവിഷമവുമുണ്ടാക്കുന്നതാണ് മിക്ക ചര്‍മരോഗങ്ങളും. ആരോഗ്യത്തെ ബാധിക്കാത്ത ചെറിയ ചര്‍മരോഗങ്ങളെ പോലും ഗൗരവമായി നാം കാണുന്നതിന്റെ പ്രധാന കാരണവും ഇതാണ്.
മാരകമല്ലെങ്കിലും ശാരീരികമായി ഒട്ടേറെ ശല്യമുണ്ടാക്കുന്നവയാണ് ചര്‍മ രോഗങ്ങള്‍. ചര്‍മത്തിന് സ്വാഭാവിക നിറം നല്‍കുന്ന മെലാനിന്‍ എന്ന വസ്തു മെലനോസൈറ്റ് കോശങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. ചര്‍മത്തിന്റെ പുറം പാളിയായി എപ്പിഡര്‍മിസിനു താഴെ ഇവ ചിതറിക്കിടക്കുന്നു. മെലനോസൈറ്റ് കോശങ്ങള്‍ എത്രമാത്രം മെലാനിന്‍ ഉല്‍പ്പാദിപ്പിക്കണം എന്ന് പ്രധാനമായും തീരുമാനിക്കുന്നത് ജീനുകളാണ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളേറ്റാല്‍ മെലനോസൈറ്റ് കോശങ്ങള്‍ ഉത്തേജിപ്പിക്കപ്പെടുകയും കൂടുതല്‍ മെലാനിന്‍ ഉണ്ടാവുകയും ചെയ്യും. പാടത്തും പറമ്പത്തും വെയിലേറ്റ് പണിയെടുക്കുന്നവരുടെ തൊലിയുടെ നിറം മങ്ങുന്നത് ഇതുകൊണ്ടാണ്.
രണ്ടുതരത്തിലാണ് ചര്‍മത്തെ സംരക്ഷിക്കേണ്ടത്. ഒന്ന് രോഗങ്ങളില്‍ നിന്ന്, മറ്റൊന്ന് സൗന്ദര്യപരമായ പരിരക്ഷ. ചൊറി, ചുണങ്ങ്, കുഷ്ഠം, വെള്ളപ്പാണ്ട് തുടങ്ങിയ രോഗങ്ങള്‍ ചര്‍മത്തെ ബാധിക്കാറുണ്ട്. അത്തരം രോഗങ്ങള്‍ തുടക്കത്തില്‍ തന്നെ ചികിത്സിച്ചു മാറ്റേണ്ടതുണ്ട്. ചൊറിപിടിച്ച ചര്‍മമുള്ളവരോടുള്ള സഹവാസം ആരാണ് ഇഷ്ടപ്പെടുക? അഴകുള്ള ചര്‍മം ആരെയും ആകര്‍ഷിക്കും. ചര്‍മകാന്തി എല്ലാവരും കൊതിക്കുന്ന ഒന്നാണ്.
ചര്‍മത്തെ മൂന്ന് വിധത്തില്‍ തരം തിരിക്കാം. വരണ്ട ത്വക്, സാധാരണ ത്വക്, എണ്ണമയമുള്ള ത്വക് എന്നിങ്ങനെ. ആദ്യമായി ത്വക് ഘടന മനസിലാക്കണം. ഉപരിതലത്തെ എപ്പിഡര്‍മിസ് എന്നു വിളിക്കുന്നു. അതിനടിയിലുള്ള തലത്തെ ഡെര്‍മിസ് എന്നും. എണ്ണമയമുള്ള സവങ്ങളുല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥികള്‍ സ്ഥിതിചെയ്യുന്നത് കീഴ് ചര്‍മത്തിലാണ്. ഈ സ്രവങ്ങളുടെ ഏറ്റക്കുറച്ചിലിന് അനുസരിച്ചാണ് ചര്‍മത്തിന് വളര്‍ച്ചയും എണ്ണമയവുമുണ്ടാകുന്നത്.
വരണ്ട ചര്‍മമുള്ളവര്‍ അത്യുഷ്ണം, കാറ്റ് എന്നിവ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചൂടുവെള്ളത്തില്‍ ധാരാളം സോപ്പുപയോഗിച്ചുള്ള കുളി ഒഴിവാക്കണം. ശരീരത്തില്‍ ഏതെങ്കിലും എണ്ണ ഉപയോഗിക്കുന്നത് ജലാംശം നിലനിറുത്താന്‍ സഹായിക്കും.
മുഖ കാന്തിക്കുള്ള ഒരു ഉത്തമ ഔഷധമായാണ് മഞ്ഞളിനെ പുരാതന കാലം തൊട്ടേ കണക്കാക്കി വരുന്നത്. ചര്‍മത്തിന് നിറം നല്‍കാനും ത്വഗ്‌രോഗങ്ങളെ അകറ്റി നിര്‍ത്താനും മഞ്ഞള്‍ ഉപകരിക്കുന്നു. മഞ്ഞള്‍ പൊടി പാല്‍പ്പാടയിലോ തേനിലോ ചാലിച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. വരണ്ട ചര്‍മമുള്ളവര്‍ ഭക്ഷണത്തില്‍ പയര്‍വര്‍ഗങ്ങള്‍, ഇലക്കറികള്‍, മുട്ട, മാംസം എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം.
എണ്ണമയമുള്ള തൊലിയുള്ളവര്‍ ഇടയ്ക്കിടെ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇവരിലാണ് മുഖക്കുരുവും മറ്റും കൂടുതലായി കണ്ടുവരുന്നത്. വെള്ളരിക്കയുടെ നീര് അല്ലെങ്കില്‍ തേനും ചെറുനാരങ്ങാനീരും ചേര്‍ത്ത മിശ്രിതം പുരട്ടുന്നത് എണ്ണമയം ഇല്ലാതാക്കുവാന്‍ സഹായിക്കുന്നു. ഇത്തരക്കാര്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും എണ്ണയില്‍ പൊരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിവതും ഒഴിവാക്കേണ്ടതുമാണ്. ഭക്ഷണത്തില്‍ ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയുടെ അളവു വര്‍ധിപ്പിക്കുന്നത് ചര്‍മത്തിന് വളരെയേറെ ഗുണം ചെയ്യും.
ശൈത്യകാലത്ത് ചിലരുടെ ചുണ്ടും കാലും വിണ്ടുകീറാറുണ്ട്. നെയ്യ്, വെളിച്ചെണ്ണ, വെണ്ണ എന്നിവ ചുണ്ടില്‍ പുരട്ടിയാല്‍ വിള്ളല്‍ മാറിക്കിട്ടും. കാലിലെ വിള്ളലിന് എരുമനെയ്യ് പുരട്ടുന്നതും മഞ്ഞള്‍പ്പൊടി തേനില്‍ ചാലിച്ചു പുരട്ടുന്നതും നല്ലതാണ്.
ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ചര്‍മ രക്ഷയ്ക്ക് എണ്ണ തേച്ചുകുളിയാണ് പ്രധാനമായി പ്രതിപാദിച്ചിരിക്കുന്നത്. എണ്ണ തേയ്ക്കുന്നതുമൂലം ചര്‍മത്തിന് സ്‌നിഗ്ദ്ധതയും കാന്തിയുമുണ്ടാകുന്നു. കൂടാതെ രക്തചംക്രമണം വര്‍ധിക്കുന്നു. അതിനാല്‍ നിത്യവും ദേഹമാസകലം എണ്ണതേച്ചു കുളിക്കുന്നത് അത്യുത്തമമാണ്.
കാലം മാറി, അതോടൊപ്പം നമ്മുടെ ജീവിത ശൈലിയും. ചര്‍മ രോഗങ്ങളിലും അതനുസരിച്ച മാറ്റങ്ങള്‍ വന്നു. അലര്‍ജിമൂലമുള്ള ചര്‍മ രോഗങ്ങളാണ് ഇന്ന് കൂടുതല്‍ കാണപ്പെടുന്നത്. നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന മിക്കതും ചര്‍മത്തെ തകരാറിലാക്കാവുന്നതാണ്. സോപ്പ്, വാഷിംഗ് പൗഡര്‍, ഹെയര്‍ ഡൈ, കോസ്‌മെറ്റിക് ക്രീമുകള്‍ തുടങ്ങിയവ. ചിലര്‍ക്ക് മൗസ് പിടിച്ചതും കയ്യില്‍ ചൊറിച്ചില്‍ വരുന്നു, മൊബൈല്‍ ചെവിയോട് ചേര്‍ത്തുവെച്ചതിനാല്‍ ചെവി ചുമന്ന് തടിക്കുന്നു. അങ്ങിനെ മാറി മാറി അലര്‍ജിയുണ്ടാകുന്നു. ഇതൊന്നുമല്ലാതെ അന്തരീക്ഷമലിനീകരണം, പച്ചക്കറികളിലെ വിഷാംശം എന്നിവകൊണ്ടും ചര്‍മത്തിനുണ്ടാകുന്ന ചൊറിച്ചിലും മറ്റ് പ്രശ്‌നങ്ങളും വേറെ.
മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളില്‍ കൊട്ടിഘോഷിക്കപ്പെടുന്നതല്ലാതെ മറ്റു യാതൊരു ഗുണവുമില്ലാത്ത കൊല്ലാ കൊല്ലികളായ രാസവസ്തുക്കളടങ്ങിയ സൗന്ദര്യ വര്‍ധകങ്ങളില്‍ ആകൃഷ്ടരാവാതെ പ്രകൃതിയിലേക്ക് മടങ്ങുകയാണെങ്കില്‍ ചര്‍മത്തിനേല്‍ക്കുന്ന കെടുതികളില്‍ നിന്ന് ഒരു പരിധിവരെയെങ്കിലും രക്ഷനേടാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."