അഞ്ചു ലക്ഷംപേര്‍ക്ക് വിതരണം ചെയ്യും
റിയാദ്: ദുരിതമനുഭവിക്കുന്ന ഗസ നിവാസികള്‍ക്ക് സഊദി ബലിമാംസം കയറ്റി അയച്ചു. കഴിഞ്ഞ ഹജ്ജ് കാലത്ത് മിനായില്‍ തീര്‍ഥാടകര്‍ക്കുവേണ്ടി ബലിയറുത്ത 25,000 ആടുകളുടെ മാംസമാണ് വിതരണത്തിനായി ഗസയില്‍ എത്തിച്ചിരിക്കുന്നത്.
ഈജിപ്ത്- ഗസ അതിര്‍ത്തിയിലെ റഫ്ഹ പോസ്റ്റ് വഴി എത്തിച്ച മാംസം ഗസ മതകാര്യ മന്ത്രാലയത്തിന് കൈമാറി. അഞ്ചു ലക്ഷം ഗസ നിവാസികള്‍ക്ക് ഇത് ലഭ്യമാകും. ഓരോ കുടുംബത്തിനും വിതരണം ചെയ്യാന്‍ പത്തു കിലോ വീതമുള്ള പാക്കറ്റുകളാക്കിയാണ് ബലിമാംസം സൂക്ഷിച്ചിരിക്കുന്നത്. ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതി ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ഗ്രൂപ്പ് ആണ് നടപ്പാക്കുന്നത്.
ഹജ്ജ് തീര്‍ഥാടകര്‍ ബലിയറുക്കുന്ന ആടുമാടുകളുടെ ഇറച്ചി പ്രയോജനപ്പെടുത്താനാകാതെ പാഴായിപ്പോകുന്ന പ്രശ്‌നത്തിനും പുണ്യസ്ഥലങ്ങളിലെ പരിസ്ഥിതി മലിനീകരണത്തിനും അന്ത്യമുണ്ടാക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്.
അറുക്കപ്പെടുന്ന മൃഗങ്ങളുടെ മാംസം ദുല്‍ഹജ്ജ് പതിനൊന്നിന് രാവിലെ മുതല്‍ മിനായിലും പുണ്യസ്ഥലങ്ങളിലും ഹജ്ജ് തീര്‍ഥാടകര്‍ക്കും തൊട്ടടുത്ത ദിവസം മുതല്‍ ഹറമിലെ പാവങ്ങള്‍ക്കും ബലി മാംസം വിതരണം ചെയ്യുകയാണ് പതിവ്. ബാക്കിവരുന്ന ബലി മാംസം സഊദിയിലെ വിവിധ പ്രവിശ്യകളിലെ സന്നദ്ധ സംഘടനകള്‍ വഴി പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യും.
മിച്ചമുള്ളവയാണ് ശീതീകരിച്ച് മുപ്പതോളം രാജ്യങ്ങളിലേക്ക് കര മാര്‍ഗവും സമുദ്ര മാര്‍ഗവും കയറ്റി അയക്കുന്നത്. പദ്ധതിക്കു കീഴില്‍ കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിന് 9,08,000 ആടുകളെയും 328 മാടുകളെയുമാണ് ബലിയറുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."