മൊറട്ടോറിയം: പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല, കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം അതൃപ്തികരമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രണ്ടുകോടി വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്നറിയിച്ച് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അതൃപ്തികരമെന്ന് സുപ്രിംകോടതി. കോടതിയുടെ പലചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
എല്ലാ ചോദ്യങ്ങള്‍ക്കും സമഗ്രമായ മറുപടി ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം ഒരാഴ്ചയ്ക്കകം നല്‍കണമെന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ബാങ്ക്‌വായ്പ തിരിച്ചടവുകള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ പലിശ ഒഴിവാക്കുന്നതില്‍ കോടതി ഇതിനോടകം ചോദിച്ച നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉത്തരമില്ലെന്നും കോടതി നിരീക്ഷിച്ചു.
ഒക്ടോബര്‍ 13 ന് കേസ് വീണ്ടും പരിഗണിക്കും. ഒരാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാര്‍ അധിക സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. റിയല്‍ എസ്റ്റേറ്റ് വായ്പ ക്രമീകരിക്കുന്നതില്‍ തീരുമാനം അറിയിക്കണമെന്നാണ് കോടതി പ്രധാനമായും വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു മൊറട്ടോറിയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മൊറട്ടോറിയം കാലയളവില്‍ രണ്ട് കോടി രൂപവരേയുള്ള വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്നായിരുന്നു സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, പേഴ്‌സണല്‍ വായപ്, ഗൃഹോപകരണങ്ങള്‍ വാങ്ങാനെടുത്ത വായ്പ എന്നിവയ്ക്കാണ് ഇളവുകള്‍ ലഭിക്കുക. അതേസമയം, രണ്ടു കോടി രൂപയ്ക്ക് മുകളിലുള്ള വായപകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."