ഇന്ധന വില കൂടി; രൂപയുടെ മൂല്യത്തിലും 73 പൈസയുടെ വര്‍ധനവ്
മുംബൈ: ഏഴു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. പെട്രോള്‍ വില ലിറ്ററിന് എട്ട് മുതല്‍ 10 പൈസവരെ വര്‍ധിച്ചപ്പോള്‍ ഡീസല്‍ വില 15 മുതല്‍ 16 പൈസവരെയാണ് വര്‍ധിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഡാറ്റപ്രകാരം ഡല്‍ഹിയില്‍ ഇന്നലെ പെട്രോള്‍ വില 71.12 രൂപയാണ്. ഡീസലിന് ലിറ്ററിന് 66.11ഉം ആണ് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വിലയില്‍ വര്‍ധനവുണ്ടായതാണ് ഇന്ത്യയിലും ഇന്ധനവില വര്‍ധിക്കാനിടയാക്കുന്നതെന്നാണ് ഐ.ഒ.സി പറയുന്നത്. അസംസ്കൃത എണ്ണ വിലയില്‍ ഇന്നലെ ഒരു ശതമാനം വിലവര്‍ധിച്ചതായി സഊദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു.
ഇന്നലെ അസംസ്കൃത എണ്ണ ബാരലിന് 72.73 ഡോളായിരുന്നു വില. മുന്‍ദിവസത്തേക്കാള്‍ 1.1 ശതമാനമാണ് വില വര്‍ധിച്ചത്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 76.73ഉം ഡീസലിന് 69.27 രൂപയുമായിരുന്നു. കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളില്‍ പെട്രോളിന് യഥാക്രമം 73.19ഉം 73.82ഉം ആയപ്പോള്‍ ഡീസലിന് 67.86ഉം 69.88ഉം ആയി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വലിയതോതിലുള്ള വര്‍ധനവ് ഉണ്ടായിരുന്നില്ല.
അതിനിടയില്‍ രൂപയുടെ മൂല്യവും ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ മൂല്യത്തില്‍ 73 പൈസയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഡോളറുമായുള്ള വിനിമയ മൂല്യം 69.49 എന്നത് 70.22 ആയി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രൂപയുടെ മൂല്യത്തില്‍ 20 പൈസയുടെ തകര്‍ച്ചയാണ് നേരിട്ടിരുന്നത്.
ഇന്ധന വില വര്‍ധനവ്, വിദേശ ഫണ്ടിന്റെ ഒഴുക്ക് എന്നിവയാണ് രൂപയുടെ മൂല്യം വര്‍ധിക്കാന്‍ കാരണമായത്. രണ്ടാഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."