ഇന്‍സെന്റീവ് തുക ഗുണഭോക്താക്കള്‍ക്ക് ഒരുപോലെ ലഭ്യമാക്കാത്തതില്‍ പ്രതിഷേധം
എരുമപ്പെട്ടി: കേന്ദ്ര സര്‍ക്കാര്‍ പഞ്ചായത്തുകള്‍ വഴി ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് നല്‍കി വരുന്ന ഇന്‍സെന്റീവ് തുക ഗുണഭോക്താക്കള്‍ക്ക് ഒരുപോലെ ലഭ്യമാക്കാത്തതില്‍ എരുമപ്പെട്ടി പഞ്ചായത്തിലെ കോട്ടപുറം നിവാസികള്‍ പ്രതിഷേധിച്ചു.
എന്നാല്‍ പഞ്ചായത്തിലെ അഞ്ച് റേഷന്‍ കടകളുടെ കീഴിലുള്ളവരുടെ ലിസ്റ്റും പണവും സപ്ലൈ ഓഫിസില്‍ നിന്നും ലഭിക്കാത്തതാണ് ഇവര്‍ക്ക് പണം നല്‍കാന്‍ വൈകുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
എരുമപ്പെട്ടി പഞ്ചായത്ത് 15-ാം വാര്‍ഡിലെ അഞ്ച് റേഷന്‍ കടകള്‍ക്ക് കീഴിലുള്ള ബി.പി.എല്‍ കുടുംബങ്ങളാണ് ഇന്‍സെന്റീവ് തുക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ബഹളം വെച്ചത്. ജൂലൈ 22, 23 തിയ്യതികളിലായി പഞ്ചായത്തിലെ മുഴുവന്‍ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും ഇന്‍സെന്റീവ് തുകയായ 150 രൂപ നല്‍കുമെന്ന സെക്രട്ടറിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് വയോധികരും രോഗികളും ഉള്‍പ്പെടുന്നവര്‍ പഞ്ചായത്തിലേക്ക് തുക കൈപറ്റുന്നതിനായി എത്തിയത്.
എന്നാല്‍ രാവിലെ ഏഴ് മണി മുതല്‍ തുക കൈപറ്റുന്നതിനായി പഞ്ചായത്തിനു മുന്നില്‍ വരിയില്‍ കാത്തുനിന്ന ഇവരെ ലിസ്റ്റില്‍ പേരില്ലാത്ത വിവരം അറിയിച്ചില്ലെന്നും ചിലര്‍ക്ക് മാത്രം പണം നല്‍കി അധികൃതര്‍ പണം തിരുമറി നടത്തി ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
നൂറുകണക്കിന് ഗുണഭോക്താക്കളാണ് ഇന്നലെയും ഇന്നുമായി മണിക്കൂറുകളോളം വരിയില്‍ കാത്തുനിന്ന് മടങ്ങിപോയത്.
അതേ സമയം പഞ്ചായത്തില്‍ ആകെയുള്ള 1400 ബി.പി.എല്‍ കുടുംബങ്ങളില്‍ 953 പേര്‍ക്കുള്ള തുക മാത്രമാണ് പഞ്ചായത്തില്‍ എത്തിയിട്ടുള്ളുവെന്നും ദിവസങ്ങള്‍ വൈകിയാലും ഇന്‍സെന്റീവ് തുക കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞതിനെ തുടര്‍ന്നാണ് ഗുണഭോക്താക്കള്‍ പിരിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."