HOME
DETAILS
MAL
കൊവിഡ്കാല ആനുകൂല്യം വിതരണം ചെയ്യുന്നില്ലെന്ന് പരാതി
backup
October 07 2020 | 00:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മദ്‌റസാ അധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് കൊവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ ധനമായ 2000 രൂപ ഇനിയും വിതരണം ചെയ്തിട്ടില്ലെന്ന് പരാതി.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രയാസം നേരിടുന്ന മദ്‌റസാ അധ്യാപകര്‍ക്ക് സഹായം എന്ന നിലയിലാണ് സര്‍ക്കാര്‍ ഏപ്രിലില്‍ 2000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത്. ക്ഷേമനിധി അംഗമായത് മുതല്‍ മുടങ്ങാതെ വിഹിതം അടയ്ക്കുന്നവര്‍ക്കാണ് സഹായത്തിനായി അപേക്ഷിക്കാന്‍ അവസരമുണ്ടായിരുന്നത്. എന്നാല്‍ അപേക്ഷ സമര്‍പ്പിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും തുക ലഭിച്ചില്ലെന്നാണ് അധ്യാപകര്‍ പരാതിപ്പെടുന്നത്. പലരും സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്തതിനാല്‍ ഭാര്യയുടെയും മക്കളുടെയും അക്കൗണ്ട് നമ്പരായിരുന്നു നല്‍കിയിരുന്നത്. ഇവരോട് സ്വന്തമായി അക്കൗണ്ടെടുത്ത് അതിന്റെ വിവരങ്ങള്‍ നല്‍കാന്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു.
അക്കൗണ്ട് എടുക്കുകയും വിവരങ്ങള്‍ ബോര്‍ഡില്‍ അറിയിക്കുകയും ചെയ്‌തെങ്കിലും തുക ലഭിച്ചില്ലെന്ന് മദ്‌റസാ അധ്യാപകര്‍ പറയുന്നു. തുക അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നും ബാങ്കില്‍ അന്വേഷിക്കാനുമാണ് ഇതിനായി ബന്ധപ്പെടുമ്പോള്‍ ബോര്‍ഡില്‍ നിന്ന് മറുപടി ലഭിക്കുന്നത്.
ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ഓഫിസില്‍ പല തവണ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് മലപ്പുറം, മങ്കട, വെണ്ണില സ്വദേശി ഫസല്‍ മുസ്‌ലിയാര്‍ സുപ്രഭാതത്തോട് പറഞ്ഞു. ആലപ്പുഴ സ്വദേശി ഷാഫി റഹ്മത്തുല്ലയ്ക്ക് തുക ലഭിക്കാത്തതിന് കാരണമായി പറഞ്ഞത് വിവരങ്ങള്‍ ക്ഷേമനിധി ഓഫിസില്‍ നിന്ന് അപ്‌ലോഡ് ചെയ്യുന്നതില്‍ വന്ന പിശകായിരുന്നുവെന്നാണ്. ബാങ്കിന്റെ ഐ.എഫ്.എസ്.സി കോഡ് നല്‍കിയപ്പോള്‍ എസ്.ബി.ഐ എന്നതിന് പകരം എസ്.ബി.എല്‍ എന്നാണ് നല്‍കിയത്. പിന്നീട് ഓഫിസില്‍ ബന്ധപ്പെട്ട് ഇത് തിരുത്തിയെങ്കിലും ഇതുവരെ തുക ലഭിച്ചിട്ടില്ല. ധാരാളം അപേക്ഷകര്‍ക്ക് ഇത്തരത്തില്‍ പിശകുണ്ടായിട്ടുണ്ടെന്ന് ഓഫിസില്‍ നിന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഈ ആഴ്ച തുക വരുമെന്ന് പറഞ്ഞെങ്കിലും ഇതുവരെയും പണം കിട്ടിയില്ലെന്നും ഷാഫി റഹ്മത്തുല്ല സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."