പൊന്നാറ്റിന്‍പാറയില്‍ കുടിവെള്ളമില്ല എഴുപതോളം കുടുംബങ്ങള്‍ ദുരിതക്കയത്തില്‍
ഏറ്റുമാനൂര്‍: പാറമ്പുഴ പൊന്നാറ്റിന്‍പാറ ഭാഗത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷം. വാര്‍ഡിലെ ഉയര്‍ന്ന പ്രദേശമായ ഇവിടെ വേനല്‍ ആരംഭിക്കും മുന്‍പേ കിണറുകള്‍ വറ്റി വരണ്ടിരുന്നു. എഴുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് വാട്ടര്‍ കണക്ഷനുമില്ല. വേനല്‍ ആരംഭിച്ചതോടെ നഗരസഭ എല്ലാ വാര്‍ഡിലും ലോറിയില്‍ കുടിവെള്ളം എത്തിക്കുന്നുണ്ട്. എന്നാല്‍ പൊന്നാറ്റിന്‍പാറയില്‍ ആകെ എത്തിയത് ഒരു ലോറി വെള്ളം മാത്രം. സ്വകാര്യവ്യക്തികള്‍ ലോറിയില്‍ കൊണ്ടുവരുന്ന വെള്ളവും ഇപ്പോള്‍ കിട്ടാക്കനിയായി. വല്ലപ്പോഴും മാത്രം കിട്ടുന്ന വെള്ളം 650 മുതല്‍ 800 രൂപാ വരെ വിലകൊടുത്താണ് ഇവര്‍ വാങ്ങുന്നത്. മലയിറങ്ങി ഏറെ നടന്നുചെന്നാല്‍ താഴെ ഒരു വീട്ടില്‍ നിന്നും വെള്ളം ശേഖരിക്കാം. പക്ഷേ കടുത്ത വേനലില്‍ ഒരു വീട്ടുകാര്‍ക്ക് രണ്ട് കുടം വെള്ളം വച്ച് നല്‍കുവാനേ അവര്‍ക്കും സാധിക്കുന്നുള്ളു.
20 വര്‍ഷം മുന്‍പ് വാട്ടര്‍ അതോറിറ്റി ഇവിടെ മൂന്ന് ടാപ്പുകള്‍ സ്ഥാപിച്ചു. പക്ഷെ വെള്ളം ലഭിച്ചത് രണ്ടോ മൂന്നോ ദിവസം മാത്രം. ഉയര്‍ന്ന പ്രദേശമായതിനാല്‍ വെള്ളം അടിച്ചുകയറ്റുന്നതിനുള്ള മര്‍ദ്ദം മോട്ടോറിനില്ല എന്നായിരുന്നു അന്ന് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പൊന്നാറ്റിന്‍പാറയേക്കാള്‍ ഉയര്‍ന്നതും തൊട്ടടുത്ത പ്രദേശവുമായ പുല്‍പ്പാറയില്‍ ഇപ്പോഴും പൈപ്പിലൂടെ വെള്ളമെത്തിക്കുന്നതായി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെയുണ്ടായിരുന്ന ടാപ്പുകളാകട്ടെ അധികൃതര്‍ തന്നെ ഊരിയെടുത്ത് മറ്റെവിടെയോ സ്ഥാപിക്കുകയും ചെയ്തു.
ഇതിനിടെയാണ് പൊന്നാറ്റിന്‍പാറയുടെ മുകളില്‍ പുറമ്പോക്ക് സ്ഥലത്ത് ജലസംഭരണി നിര്‍മിച്ചുകൊണ്ടുള്ള കുടിവെള്ളപദ്ധതി ആവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്തെത്തിയത്. ജനങ്ങളുടെ ഈ ആവശ്യം മാറി മാറി വരുന്ന ഭരണകര്‍ത്താക്കളുടെ സ്ഥിരം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായി മാറി. പക്ഷെ പൊന്നാറ്റിന്‍പാറയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതി മാത്രം എങ്ങുമെത്തിയില്ല. മീനച്ചിലാറിന്റെ തീരത്ത് കുഴിചാലിപ്പടി ഭാഗത്ത് കിണര്‍ കുഴിച്ച് അവിടെ നിന്നും വെള്ളം പൊന്നാറ്റിന്‍പാറയില്‍ സ്ഥാപിക്കുന്ന ജലസംഭരണിയില്‍ എത്തിച്ച് അവിടെനിന്നും വിതരണം ചെയ്യാനുള്ള പദ്ധതിയാണ് നാട്ടുകാര്‍ മുന്നോട്ട് വെച്ചത്. മുറവിളി കൂടുമ്പോള്‍ അധികൃതര്‍ സ്ഥലത്തെത്തി ഇടാന്‍ പോകുന്ന പൈപ്പിനുള്ള അളവൊക്കെ എടുത്ത് തങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി.
ഈ പ്രദേശം കുമാരനല്ലൂര്‍ പഞ്ചായത്ത് ആയിരുന്ന കാലത്തു തുടങ്ങിയ ആവശ്യത്തിന് ഇതുവരെ അനുകൂലമായ നീക്കം ഉണ്ടാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടുകാര്‍ യോഗം ചേര്‍ന്ന് സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഇതിനായി വാര്‍ഡ് കൗണ്‍സിലര്‍ ജോജി കുറത്തിയാട്ട് ചെയര്‍മാനും മോന്‍സി പേരുമാലില്‍ കണ്‍വീനറുമായി കമ്മറ്റിയും രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."