ഉംറ തീർഥാടകർക്കിടയിൽ കൊറോണബാധ റിപ്പോർട്ടില്ല; അടുത്ത മാസം 15 വരെയുള്ള ബുക്കിംഗ് പൂർത്തിയായി
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ ഉംറ പുനരാരംഭിച്ചതോടെ സ്വദേശികളും വിദേശികളുമായ ഉംറ തീർഥാടകർക്കിടയിൽ കൊറോണബാധ സംശയിക്കുന്ന കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മക്ക ആരോഗ്യ വകുപ്പ് അറിയിച്ചു.
പടിപടിയായി ഉംറ പുനരാരംഭിക്കാനുള്ള തീരുമാനം പുറത്തു വന്നയുടൻ തീർഥാടകരെ വരവേൽക്കാനും ആവശ്യമായ ആരോഗ്യ പരിചരണങ്ങൾ നൽകാനും മക്കാ ആരോഗ്യ വകുപ്പ് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.
ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തിയാണ് ആരോഗ്യ പ്രതിരോധ, ചികിത്സാ പദ്ധതികൾ ആരോഗ്യ വകുപ്പ് നടപ്പാക്കുന്നത്.
അതേ സമയം ഉംറ തീർത്ഥാടന അടുത്ത മാസം 15 വരെയുള്ള ബുക്കിംഗ്ഇതിനോടകം തന്നെ പൂർത്തിയായി. തീർത്ഥാടകർ കുത്തിവെപ്പുൾപ്പെടെയുള്ള എല്ലാ പ്രതിരോധമാർഗ്ഗങ്ങളും സ്വീകരിച്ചാണ് ഉംറക്കെത്തേണ്ടതെന്ന് മന്ത്രാലം അറിയിച്ചു.
ഹറമിലെത്തുന്ന തീർത്ഥാടകർക്ക് ലഭിക്കുന്ന വള പുറപ്പെട്ട സ്ഥാനത്ത് തിരിച്ചെത്തുന്നത് വരെ കയ്യിൽ ധരിക്കണം. വളയുടെ അതേ നിറത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ട്രാക്കിലൂടെയാണ് തീർത്ഥാടകർ ഹറമിനകത്ത് പ്രവേശിക്കേണ്ടതും, കർമ്മങ്ങൾ ചെയ്യേണ്ടതും.
ഉംറക്കെത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും തീർത്ഥാടകർ സീസണൽ ഇൻഫ്‌ളുവൻസ, മെനിഞ്ചൈറ്റിസ് എന്നിവക്കുള്ള പ്രതിരോധ കുത്തിവെപ്പുകളെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, കൈകകൾ ഇടക്കിടെ 20 സെക്കന്റ് വീതം കഴുകി അണുവിമുക്തമാക്കുക, മുടിനീക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുമു്തമാക്കുക, തുടങ്ങിയ കാര്യങ്ങളിൽ തീർത്ഥാടകർ കണിശതപാലിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു. മീഖാത്തിൽ പോയി ഇഹ്‌റാം ചെയ്യുന്നവർ നമസ്‌കരിക്കുന്നതിനായി സ്വന്തമായി പരവതാനി കൊണ്ട് വരേണ്ടതാണ്. തീർത്ഥാടകർക്ക് കുടിക്കുന്നതിനായി സംസം വെള്ളം ബോട്ടിലുകളിലായി വിതരണം ചെയ്യുമെന്ന് ഹറം കാര്യ വിഭാഗം അറിയിച്ചു.
അതേ സമയം കൊറോണ വ്യാപനം സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിനിടെ ഉംറയും മദീനാ സിയാറത്തും നിർത്തിവെക്കാനുള്ള ഭരണാധികാരികളുടെ തീരുമാനം ഏറ്റവും അനുയോജ്യമായിരുന്നെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. തീർഥാടകരുടെയും വിശ്വാസികളുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാനാണ് ഉംറയും സിയാറത്തും താൽക്കാലികമായി നിർത്തിവെക്കാൻ സഊദി തീരുമാനിച്ചത്. മനുഷ്യ ജീവനും ആരോഗ്യ സുരക്ഷയും കാത്തുസൂക്ഷിക്കാൻ ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്നു. ഉംറയും സിയാറത്തും പുനരാരംഭിക്കാൻ ഇപ്പോൾ കൈക്കൊണ്ട തീരുമാനവും തീർത്തും യോജിച്ചതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."