രണ്ട് മാസത്തിന് ശേഷം ബാണാസുര ഡാം ഷട്ടറുകള്‍ പൂര്‍ണമായും താഴ്ത്തി
പടിഞ്ഞാറത്തറ: കക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പടിഞ്ഞാറത്തറ ബാണാസുര അണ ജില്ലയില്‍ വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടിയെന്ന ആക്ഷേപത്തിന് ഇടയാക്കിയതിന് ശേഷം ഡാമിന്റെ ഉയര്‍ത്തിയ നാല് ഷട്ടറുകളും പൂര്‍ണമായും താഴ്ത്തി.
ഇന്നലെ ഉക്കച്ച് പന്ത്രണ്ടോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ പൂര്‍ണമായും താഴ്ത്തിയത്. വ്യക്തമായ മുന്നറിയിപ്പുകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഓഗസ്റ്റ് എട്ടിന് അര്‍ധ രാത്രിയില്‍ ഷട്ടറുകള്‍ ഉയര്‍ത്തി വന്‍ തോതില്‍ ജലം പുറത്തേക്ക് വിട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് ശേഷമാണ് ഉച്ചഭാഷിണികളിലൂടെ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയും മുന്നൊരുക്കങ്ങള്‍ എടുത്തുകൊണ്ടും വെള്ളം പുറത്തേക്കൊഴുക്കാന്‍ ആരംഭിച്ചത്.
ഡാം കമ്മിഷന്‍ ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് തുടര്‍ച്ചയായി രണ്ട് മാസത്തോളം ഇത്തരത്തില്‍ ഡാം ഷട്ടറുകള്‍ ഉയര്‍ത്തി വന്‍ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കിയത്. 242.3767 മില്യന്‍ മീറ്റര്‍ ക്യബിക് വെള്ളമാണ് ഈ കാലയളവില്‍ കരാമാന്‍തോട്ടിലേക്ക് തുറന്നുവിട്ടത്. ജൂലൈ 15നാണ് ബാണാസുര റിസര്‍വൊയറില്‍ വെള്ളം സംഭരണ ശേഷിയായ 775.6 മീറ്ററില്‍ എത്തിയതോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ ആദ്യമായി തുറന്നുവിട്ടത്.
ഒരു ഷട്ടര്‍ പത്ത് സെന്റീമീറ്റര്‍ മാത്രമുയര്‍ത്തി സെക്കന്റില്‍ 8.5 ക്യൂബിക് മീറ്റര്‍ വെള്ളമാണ് പുഴയിലേക്ക് ഒഴുക്കിയത്. ബാണാസുര മലയുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴയുടെ ശക്തി കൂടുകയും ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെ പലപ്പോഴായി വെള്ളം തുറന്നുവിടുന്നതിന്റെ തോത് കൂട്ടുകയും കുറക്കുകയും ചെയ്തു. ഓഗസ്റ്റ് അഞ്ചിന് മഴകുറഞ്ഞതോടെ പൂര്‍ണമായും ഷട്ടറുകള്‍ അടച്ചു. രണ്ട് ദിവസത്തിന് ശേഷം ഓഗസ്റ്റ് ഏഴിനാണ് വീണ്ടും ഷട്ടര്‍ തുറന്നത്. എട്ടിന് രാവിലെ വെള്ളം തുറന്നുവിടുന്നതിന്റെ തോത് പ്രത്യേക മുന്നറിയിപ്പുകളൊന്നും കൂടാതെ 2.90 മീറ്റര്‍ വരെയാക്കി ഒറ്റയടിക്ക് ഉയര്‍ത്തുകയും ചെയ്തു.
247 ക്യുബിക് മീറ്റര്‍ വെള്ളമാണ് സെക്കന്റില്‍ തുറന്നുവിട്ടത്. ഇതോടൊപ്പം കനത്ത മഴയും ജില്ലയില്‍ പെയ്തതോടെ പടിഞ്ഞാറത്തറ, കുപ്പാടിത്തറ, ആറുവാള്‍, പുതുശ്ശേരിക്കടവ്, വെണ്ണിയോട്, കോട്ടത്തറ, പനമരം തുടങ്ങി ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഡാം റിസര്‍വൊയര്‍ പ്രദേശത്ത് കനത്ത മഴക്ക് പുറമെ പലയിടങ്ങളിലും ഉരുള്‍പൊട്ടലുമുണ്ടായിയെന്നായിരുന്നുവെന്നാണ് ഡാം അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ വീടുകളിലുള്ള വിലപ്പെട്ട രേഖകള്‍പോലും എടുക്കാന്‍ കഴിയാതെ കുടുംബങ്ങള്‍ക്ക് വീട് വിട്ടോടിപ്പോവേണ്ടതായി വന്നു. ഇതോടെ ഡാം മാനേജ്‌മെന്റിനെതിരേ വ്യാപക പരാതികളുയര്‍ന്നു. മനുഷ്യാവകാശ കമ്മിഷന്‍ വരെ ഇത് സംബന്ധിച്ച് പരാതികള്‍ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡാമിലെ വെള്ളം മഴ ശമിച്ചിട്ടും 773.7 മീറ്റര്‍ വരെ താഴ്ന്ന ശേഷം മാത്രമാണ് ഇന്നലെ ഉച്ചക്ക് 12ഓടെ ഷട്ടര്‍ പൂര്‍ണമായും താഴ്ത്തിയത്. തുലാവര്‍ഷം ശക്തമായുണ്ടാവുമെന്ന മുന്നറിയിപ്പ് മാനിച്ചാണ് ഷട്ടറുകള്‍ അടക്കാതെ തുറന്നുവിട്ടതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."