500 ന്റെ കള്ളനോട്ടു ശേഖരവുമായി ദമ്പതികള്‍ പൊലിസ് കസ്റ്റഡിയില്‍
വണ്ടിപ്പെരിയാര്‍: അഞ്ഞൂറിന്റെ കള്ളനോട്ടു ശേഖരവുമായി ദമ്പതികളെ വണ്ടിപ്പെരിയാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും അഞ്ഞൂറു രൂപയുടെ 77 നോട്ടുകള്‍ പിടിച്ചെടുത്തു.
ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. എറണാകുളം സ്വദേശികളായി ദമ്പതികളെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ കുട്ടിക്കാനത്തെ പെട്രോള്‍ പമ്പില്‍ നിന്നും 500 രൂപയുടെ ഇന്ധനം നിറച്ചു. നോട്ട് വാങ്ങി പരിശോധിച്ച പമ്പിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനാല്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ കുമളി ഭാഗത്തേക്ക് കാര്‍ വേഗത്തില്‍ ഓടിച്ചു പോയി.
പമ്പ് അധികൃതര്‍ അറിയിച്ചതിനേത്തുടര്‍ന്ന് പീരുമേട് പൊലിസ് വാഹനം കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇതിനെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലിസ് നടത്തിയ വാഹന പരിശോധനയില്‍ പെരിയാര്‍ ടൗണിലിട്ട് വാഹനം പിടികൂടുകയായിരുന്നു. വാഹനത്തിനുള്ളില്‍ നിന്നും 77 പുതിയ അഞ്ഞൂറിന്റെ നോട്ടുകളാണ് കണ്ടെത്തിയത്.
തമിഴ്നാട്ടില്‍ നിന്നും കള്ളനോട്ട് ലഭിച്ചതായാണ് പൊലിസ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരിക്കുന്നത്. എറണാകുളം വൈറ്റിലയില്‍ ഇവര്‍ താമസിക്കുന്ന ഫ്ളാറ്റിനുള്ളില്‍ കൂടുതല്‍ നോട്ടുകള്‍ സൂക്ഷിച്ചിരിക്കുന്നതായും ഇവര്‍ പൊലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പീരുമേട് സി.ഐ.ഷിബുകുമാര്‍, വണ്ടിപ്പെരിയാര്‍ എസ്.ഐ.ബജിത്ത് ലാല്‍ എന്നിവരടങ്ങിയ പൊലിസ് സംഘം രാത്രി തന്നെ എറണാകുളത്തേക്ക് തിരിച്ചു.
യുവാവിനോടൊപ്പം ഭാര്യയും കൈകുഞ്ഞും ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ക്ക് ഇതിനെ കുറിച്ച് യാതൊരു അറിവുമില്ലാ എന്നാണ് പൊലിസ് പറയുന്നത്. ആര്‍ക്കും സംശയം ഉണ്ടാവാതിരിക്കാനാണ് യുവാവ് ഭാര്യയെയും കുഞ്ഞിനെയും കൂടെ കൂട്ടിയതെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."