അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യവുമായി കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍: സൈന്യത്തിനു പ്രത്യേകാധികാരം നല്‍കുന്ന സായുധസേനാ പ്രത്യേകാധികാരനിയമം (അഫ്‌സ്പ) പിന്‍വലിക്കണമെന്നു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഒറ്റയടിക്ക് പിന്‍വലിക്കണമെന്നില്ലെന്നും ഘട്ടംഘട്ടമായി മതിയെന്നും അവര്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ കുറച്ചു പ്രദേശത്ത് ഇതു പരീക്ഷിക്കാം. വിജയമാണെങ്കില്‍ സംസ്ഥാനത്ത് പൂര്‍ണമായും അഫ്‌സ്പ പിന്‍വലിക്കണമെന്നും മെഹ്ബൂബ ആവശ്യപ്പെട്ടു.
കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ നടത്തുന്ന ഇടപെടലുകളെ മെഹ്ബൂബ വിമര്‍ശിച്ചു. കുട്ടികള്‍ തോക്കേന്തിയാല്‍ പാകിസ്താന്‍ ശിക്ഷിക്കുന്നു. പക്ഷെ, തോക്കെടുക്കുന്ന കശ്മീര്‍ യുവാക്കളെ അവര്‍ പ്രകീര്‍ത്തിക്കുകയാണ്. ഇതു പാകിസ്താന്റെ കാപട്യമാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെയെത്തി നവാസ് ശരീഫിനെ കണ്ടത്. എന്നാല്‍ പഠാന്‍കോട്ട് ഭീകരാക്രമണത്തോടെ ഇതെല്ലാം ശിഥിലമായെന്നും മെഹ്ബൂബ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."