ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍ നവജാതശിശുവിന്റെ മരണം; കുറ്റാരോപിതര്‍ക്ക് ക്ലീന്‍ ചിറ്റ്
ഡോക്ടറുടെയും സ്റ്റാഫ് നഴ്‌സിന്റെയും പിടിവാശിമൂലം പാനൂരില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ വെള്ളപൂശി റിപ്പോര്‍ട്ട്.
ഇവര്‍ക്കു ഗുരുതര വീഴ്ചസംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിയോഗിച്ച സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ നീതി കാത്തിരുന്ന കുടുംബത്തിന്റെ അവസാനത്തെ ആശയുമറ്റു.
സംഭവസമയം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് ജീവനക്കാര്‍ ഉണ്ടായിരുന്നത്. അവര്‍ക്കു വീടുകളില്‍ പോയി പരിചരിക്കുന്നതിന് അനുവാദമില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ആശുപത്രിയിലെത്തി കേണപേക്ഷിച്ചിട്ടും നഴ്‌സിനെപോലും വീട്ടിലയക്കാന്‍ വിസമ്മതിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കു സഹായകമായ റിപ്പോര്‍ട്ട് വന്നതോടെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഈ ദമ്പതികളുടെ നഷ്ടം ആരു നികത്തുമെന്ന ചോദ്യമാണ് ഉയരുന്നത്. ആ കുഞ്ഞിനെ ആരോഗ്യമന്ത്രിയും മറന്നു. സെപ്റ്റംബര്‍ 10നാണ് കണ്ണൂര്‍ പാനൂരിലെ മാണിക്കോത്ത് ഹനീഫയുടെയും സമീറയുടെയും ആണ്‍കുഞ്ഞിന്റെ ജീവന്‍ പൊലിഞ്ഞത്. ഹനീഫ സ്ഥലത്തില്ലാത്ത സമയം അസ്വസ്ഥത അനുഭവപ്പെട്ട സമീറ വീട്ടിനകത്ത് ആണ്‍കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു.
പാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെയും സ്റ്റാഫ് നഴ്‌സിനെയും വിവരമറിയിച്ചു. എങ്കിലും വന്നില്ല, വരില്ലെന്നും വാശി പിടിച്ചു. കൊവിഡ് സാഹചര്യത്തില്‍ വീട്ടിലെത്തി ചികിത്സ നല്‍കാനാവില്ലെന്ന നിലപാടില്‍ ഉറച്ചതോടെയാണ് ആ കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടത്. ഇതേ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് 2018 സെപ്റ്റംബര്‍ 11നു പനിക്കു നല്‍കേണ്ട മരുന്നിനു പകരം പ്രമേഹ മരുന്ന് നല്‍കിയത്.
വള്ളങ്ങാട് പൂതിയോട്ട് രാജേഷിന്റെ മകള്‍ വൈഗ(9)ക്ക് അവശത അനുഭവപ്പെട്ടതോടെ തലശ്ശേരി ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെയാണ് ഗുളിക മാറി നല്‍കിയതായി കണ്ടെത്തിയത്. മുന്‍പും സമാന സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.
ചികിത്സ വൈകി, ഫേസ്ബുക്കില്‍ ലൈവിട്ടതിന് 13 ദിവസം തടവറ
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മകന് ചികിത്സ ലഭിച്ചില്ല. ഫേസ്ബുക്കില്‍ ലൈവിട്ടു. ഇതാണ് ഷൈജു ചെയ്ത തെറ്റ്. പിന്നെ കണ്ടത് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്യുന്നതാണ്. 13 ദിവസം റിമാന്‍ഡിലും കഴിയേണ്ടി വന്നു.
ആശുപത്രി സൂപ്രണ്ട് പോലും അറിയാതെയാണ് ഡോക്ടറില്‍ നിന്നു പരാതി വാങ്ങി പൊലിസ് കേസെടുത്തതെന്നു ബന്ധുക്കള്‍.ഈ ഓണക്കാലത്തായിരുന്നു സംഭവം.
കടുത്ത പനി ബാധിച്ച മകനുമായാണ് ഷൈജു കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിയത്. 3.40ഓടെ ഒ.പി ടിക്കറ്റ് എടുത്ത് അവശനായ മകനുമായി ക്യൂവില്‍ നിന്നു. പിന്നാലെ വന്നവരും ചെറിയ അസുഖവുമായെത്തിയവരും ജീവനക്കാരുടെ ശുപാര്‍ശയോടെ ഡോക്ടറെ കണ്ടു മടങ്ങി. ഇത് ഷൈജു ചോദ്യം ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമായി. ഫേസ്ബുക്കില്‍ ലൈവ് നല്‍കി.
ആശുപത്രി അധികൃതര്‍ ഷൈജുവിനെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. ആറ് മണിക്കാണ് ഷൈജുവിന് ഡോക്ടറെ കാണാനായത്. മരുന്ന് വാങ്ങി മടങ്ങിയതിന്റെ അഞ്ചാംദിനം കൊയിലാണ്ടി സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഡോക്ടര്‍ക്ക് ആളുമാറിയതിലൂടെ മൈമൂനക്ക് നഷ്ടമായത് മൂന്നു പല്ലുകളായിരുന്നു. ഒരേ പേരുകാരുടെ ഒ.പി ശീട്ട് മാറിയതോടെയാണ് വെളിമുക്ക് സ്വദേശിനി മൈമൂനയുടെ മുന്‍നിരയിലെ മൂന്നു നല്ല പല്ലുകള്‍ ഡോക്ടര്‍ പറിച്ചുമാറ്റിയത്. കോഴിക്കോട് ഗവ.ഡെന്റല്‍ കോളജിലായിരുന്നു 2013ല്‍ സംഭവം. ഇന്നും ഇതിന്റെ ദുരിതങ്ങളുമായി ജീവിക്കുകയാണ് ഈ യുവതി.
മോനെ എന്നൊന്നു വിളിക്കാന്‍
ആ ഉമ്മ എത്ര കൊതിച്ചിരിക്കും?
ഏതൊരു കുഞ്ഞും കൊതിച്ച് പോകുന്നതാണ് മാതൃവാത്സല്യം. എന്നാല്‍ ഉമ്മയ്‌ക്കൊപ്പം 17വര്‍ഷം ജീവിച്ചിരുന്നിട്ടും നിജാസിനത് ലഭിക്കാതെ പോയി. ഒരു വിളിയൊച്ചപോലും ഉമ്മയുടേതായി കേട്ടില്ല. ഡോക്ടര്‍മാര്‍ തമ്മിലുള്ള കുടിപ്പകയില്‍ നഷ്ടമായത് നിജാസിന് ഉമ്മയെയാണ്. മഞ്ചേരി ജില്ലാ ആശുപത്രിയിലെ പ്രസവരോഗ വിഭാഗവും അനസ്‌ത്യേഷ്യ വിഭാഗവും തമ്മിലുള്ള കുടിപ്പകയിലാണ് ആ ജീവനും ജീവിതവും പൊലിഞ്ഞത്.
കാളികാവ് അമ്പലക്കടവിലെ പോക്കാവില്‍ മുഹമ്മദിന്റെ മകള്‍ മൈമൂനയെ പ്രസവത്തിനായി 1994 ല്‍ മഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയാനന്തരം ഒരാണ്‍കുഞ്ഞിനെ ബന്ധുക്കള്‍ക്ക് കൈമാറി. ഏറെക്കഴിഞ്ഞിട്ടും മൈമൂനയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. അറിയിച്ചത് തീവ്ര പരിചരണ വിഭാഗത്തിലാണെന്നുമാത്രം.
ഏറെ നേരത്തെ ബഹളത്തിനൊടുവിലാണ് മൈമൂനക്ക് ശസ്ത്രക്രിയക്കിടയില്‍ ബോധം നഷ്ടപ്പെട്ടെന്ന വിവരം ബന്ധുക്കളെ അറിയിച്ചത്. അതില്‍പിന്നെ അവരുണര്‍ന്നതേയില്ല. നീണ്ട 17വര്‍ഷമാണ് ചലനമറ്റ നിലയില്‍ രക്ഷിതാക്കള്‍ മൈമൂനയെ പരിചരിച്ചത്. ജീവനുണ്ടെന്നറിയിക്കാനായി കണ്ണുകള്‍ മാത്രം തുറന്നുവെച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കൈകാലുകള്‍ മുരടിച്ചുതുടങ്ങി. വ്യക്തമായ പരിശോധനകളും തയ്യാറെടുപ്പുകളുമില്ലാതെയായിരുന്നു അവര്‍ക്ക് അനസ്‌ത്യേഷ്യ നല്‍കിയത്. ബോധപൂര്‍വമുള്ള ഡോക്ടറുടെ കൈപ്പിഴക്കെതിരെ പിതാവ് മുഹമ്മദ് നിയമപോരാട്ടത്തിനിറങ്ങി.
നിയമയുദ്ധത്തില്‍ മുഹമ്മദ് വിജയിച്ചു. ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ കോടതി ജീവന് വിലയിട്ടത് മൂന്ന് ലക്ഷം രൂപ മാത്രമായിപ്പോയെന്നുമാത്രം. 2011ല്‍ മൈമൂന വിധിക്ക് കീഴടങ്ങി. ഇന്ന് 26 കാരനായ നിജാസ് കാളികാവിലെ ചെത്തുകടവ് പാലത്തിനരികില്‍ മെക്കാനിക്കായി ജോലി ചെയ്യുകയാണ്.
ഉമ്മയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും നിജാസിന്റെ കണ്ണുകള്‍ നിറയുന്നു. നെഞ്ച് പിടയുന്നു. ഒരിക്കലെങ്കിലും മോനെ എന്നൊന്നു വിളിക്കാന്‍ ആ ഉമ്മ എത്ര കൊതിച്ചിരിക്കണം ? ആ വിളിയൊച്ച കേള്‍ക്കാന്‍ ഈ മകനും ?
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."