തിരൂര്‍- പൊന്നാനി പുഴ സംരക്ഷണത്തിന് പ്രത്യേക പദ്ധതി രണ്ടുവര്‍ഷത്തിനകം 'വരള്‍ച്ചയില്ലാത്ത മലപ്പുറം' ലക്ഷ്യം: കലക്ടര്‍
തിരൂര്‍: അടുത്ത രണ്ടുവര്‍ഷത്തിനകം 'വരള്‍ച്ചയില്ലാത്ത മലപ്പുറം യജ്ഞം' പ്രാവര്‍ത്തികമാക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. ജില്ലാ പ്ലാനിങ് കമ്മിറ്റി തിരൂര്‍ ബ്ലോക്ക് ഹാളില്‍ സംഘടിപ്പിച്ച തിരൂര്‍-പൊന്നാനിപ്പുഴ സംരക്ഷണ സംയുക്ത പ്രൊജക്റ്റ് തയാറാക്കല്‍ ചര്‍ച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെന്റര്‍ ഫോര്‍ വാട്ടര്‍ ആന്‍ഡ് റിസോഴ്‌സ് ഡവലപ്‌മെന്റ് മാനേജ്‌മെന്റ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ശാസത്രീയ പഠനം നടത്തുന്നത്.
മൂന്നുമാസത്തിനകം പഠനം നടത്തി റിപ്പോര്‍ട്ട് കൈമാറും. തുടര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. തിരൂര്‍-താനൂര്‍ ബ്ലോക്ക് പഞ്ചായത്തുകളെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത്. പുഴ സംരക്ഷണത്തോടൊപ്പം സുസ്ഥിര കുടിവെള്ള സംവിധാനം ഒരുക്കാനും ലക്ഷ്യമിടുന്നതായി കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. തിരൂര്‍-പൊന്നാനിപ്പുഴയുടെ വ്യാപ്തി കുറഞ്ഞതായും കൂട്ടായി ലഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രവര്‍ത്തനത്തിലെ പാളിച്ചകളും യോഗം വിലയിരുത്തി. വനവല്‍ക്കരണവും നീര്‍കുഴി നിര്‍മാണവും പരിഗണനയിലുണ്ട്.
നീര്‍കുഴിയിലൂടെ ഭൂഗര്‍ഭത്തില്‍ തടഞ്ഞുവയ്ക്കുന്ന വെള്ളം വേനല്‍ക്കാലത്ത് പുഴകളിലേക്ക് ഒഴുകിയെത്തുന്നതിലൂടെ ഭാവിയിലെ കുടിവെളള പ്രശ്‌നത്തിനു ഒരുപരിധിവരെ പരിഹാരം കാണാനാകുമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. പുഴയോരങ്ങളില്‍ ഇരിപ്പിടങ്ങള്‍ നിര്‍മിച്ചാല്‍ ജനസാന്നിധ്യമുണ്ടാകുമെന്നും അതുവഴി പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാനാകുമെന്നും യോഗം നിര്‍ദേശിച്ചു. ചമ്രവട്ടം റലഗുലേറ്ററിലെ ഉപ്പുവെള്ളം തടയാന്‍ സമയബന്ധിതമായി നയം രൂപീകരിക്കാനും പുഴയോരങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ സി.സി.ടി.വി കാമറ സ്ഥാപിക്കാനും നടപടിയുണ്ടാകണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ ഹഫ്‌സത്ത്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ബാപ്പു ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."