നദാല്‍ സെമിയില്‍
പാരീസ്: കളിമണ്‍ കോര്‍ട്ടില്‍ വീണ്ടും രാജാവാകാന്‍ സ്‌പെയിനിന്റെ ഇതിഹാസതാരം റാഫേല്‍ നദാല്‍. ഇന്നലെ ഫ്രഞ്ച് ഓപണില്‍ തന്റെ നൂറാം മത്സരത്തിനിറങ്ങിയ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് എതിരാളിയെ പരാജയപ്പെടുത്തിയായിരുന്നു വിജയം ആഘോഷിച്ചത്. ഇതോടെ താരം സെമിയിലേക്ക് മുന്നേറി. നേരത്തേ ടൂര്‍ണമെന്റിലെ ആറാം സീഡ് അലക്‌സാണ്ടര്‍ സ്വെറേവിനെ അട്ടിമറിച്ച് ക്വാര്‍ട്ടറിലെത്തിയ ഇറ്റലിയുടെ യുവതാരം ജന്നിക് സിന്നറിനെയാണ് നദാല്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 7-6, 6-4,6-1. ആദ്യ സെറ്റ് സ്വന്തമാക്കാന്‍ ടൈ ബ്രേക്ക് വരെ കാത്തിരിക്കേണ്ടി വന്ന നദാലിന് പക്ഷേ, രണ്ടും മൂന്നും സെറ്റുകളില്‍ അത്ര വെല്ലുവിളി ഉയര്‍ന്നില്ല. സെമിയിലെത്തിയ ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റുകളിലെല്ലാം കിരീടവുമായാണ് നദാല്‍ മടങ്ങിയത്. ഈ കണക്കില്‍ ചരിത്രം വഴിമാറിയിട്ടില്ലെങ്കില്‍ 13ാം ഫ്രഞ്ച് ഓപണ്‍ കിരീടവുമായി താരത്തിന് സ്‌പെയിനിലേക്ക് പറക്കാം. നിലവില്‍ 12 കിരീടവുമായി നദാലാണ് ഫ്രഞ്ച് ഓപ്പണില്‍ കിരീടനേട്ടത്തില്‍ മുന്നില്‍. നിലവിലെ യു.എസ് ഓപണ്‍ വിജയി ഡൊമിനിക് തീമിനെ അട്ടിമറിച്ച ഡീഗോ ഷ്വാര്‍ട്‌സ്മാനെയാണ് സെമിയില്‍ നദാല്‍ നേരിടുക. ഇക്കഴിഞ്ഞ ഇറ്റാലിയന്‍ ഓപ്പണില്‍ ഷ്വാര്‍ട്ട്‌സ്മാന്‍ നദാലിനെ അട്ടിമറിച്ചിരുന്നു. രണ്ട് തവണ മാത്രമാണ് നദാല്‍ റോളണ്ട് ഗ്യാരോസില്‍ പരാജയപ്പെട്ടത്.
അതേസമയം, നിലവിലെ യു.എസ് ഓപണ്‍ ചാംപ്യന്‍ ആസ്ത്രിയയുടെ ഡൊമിനിക് തീമിന് ഫ്രാന്‍സില്‍ അട്ടിമറി നേരിട്ടു. ഇവിടെ മൂന്നാം സീഡായ തീമിന് അര്‍ജന്റീനയുടെ 12ാം സീഡ് ഡീഗോ ഷ്വാര്‍ട്ട്‌സ്മാന്റെ വെല്ലുവിളിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. സ്‌കോര്‍ 6-7, 7-5, 7-6, 6-7, 2-6. ഇന്നലെ റോളണ്ട് ഗ്യാരോസില്‍ അരങ്ങേറിയ മത്സരങ്ങളില്‍ വെല്ലുവിളികള്‍ മാത്രം നിറഞ്ഞ പോരാട്ടമായിരുന്നു ഇത്. ഏറെ വീറും വാശിയും നീണ്ട മത്സരം അഞ്ച് സെറ്റ് വരെ നീണ്ടപ്പോള്‍ ജയം ഷ്വാര്‍ട്‌സ്മാനൊപ്പം നിന്നു. ഇതില്‍ മൂന്ന് ടൈ ബ്രേക്കുകളാണ് പിറന്നത്. അഞ്ച് മണിക്കൂറും 10 മിനുട്ടും വരെ മത്സരം നീണ്ടു. ഷ്വാര്‍ട്‌സ്മാന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം സെമി പ്രവേശനമാണ് ഇത്. ആദ്യ സെറ്റ് കൈവിട്ട തീം രണ്ടും മൂന്നും സെറ്റുകള്‍ നേടി മത്സരത്തിലേക്ക് തിരിച്ചു വന്നു. എന്നാല്‍ നാലാം സെറ്റ് ടൈബ്രേക്ക് വരെ എത്തിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ നിര്‍ണായകമായ അഞ്ചാം സെറ്റില്‍ കൂടുതല്‍ തളര്‍ന്ന തീമിനു മേല്‍ ഷ്വാര്‍ട്ട്‌സ്മാന്‍ വലിയ ആധിപത്യം പുലര്‍ത്തി. സെറ്റ് 6-2നു സ്വന്തമാക്കിയ താരം തന്റെ ആദ്യ ഗ്രാന്റ്സ്ലാം സെമിഫൈനല്‍ എന്ന സ്വപ്നം യഥാര്‍ഥ്യമാക്കി.
വനിതകളില്‍ മുന്‍ വിംബിള്‍ഡണ്‍ ചാംപ്യനും ടൂര്‍ണമെന്റിലെ ഏഴാം സീഡുമായ ചെക് റിപബ്ലിക്കിന്റെ പെട്രാ ക്വിറ്റോവ സെമിയിലേക്ക് മുന്നേറി. ലോക 66ാം നമ്പര്‍ താരം ജര്‍മനിയുടെ ലോറ സിഗ്മണ്ടിനെ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സെമി പ്രവേശനം. സ്‌കോര്‍ 6-3, 6-3. ഇതു രണ്ടാം തവണയാണ് ക്വിറ്റോവ ഫ്രഞ്ച് ഓപണിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. 2012ല്‍ പ്രവേശിച്ചെങ്കിലും പരാജയപ്പെടാനായിരുന്നു വിധി. മറ്റൊരു മത്സരത്തില്‍ നാലാം സീഡ് അമേരിക്കയുടെ സോഫിയ കെനിന്‍ സ്വന്തം നാട്ടുകാരിയായ ഡാനിയല്‍ റോസ് കോളിന്‍സിനെ പരാജയപ്പെടുത്തി സെമിയില്‍ കടന്നു. സ്‌കോര്‍ 6-4, 4-6, 6-0. സെമിയില്‍ ക്വിറ്റോവയും സോഫിയ കെനിനും തമ്മില്‍ ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."