ഇത്രയും നുണയനായ മുഖ്യമന്ത്രി കേരളചരിത്രത്തില്‍ ആദ്യമെന്ന് ചെന്നിത്തല; യു.ഡി.എഫ് പ്രത്യക്ഷ സമരം വീണ്ടും തുടങ്ങി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി യു.ഡി.എഫ് വീണ്ടും രംഗത്ത്. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ചുപേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്,ഷിബു ബേബി ജോണ്‍, എം.എല്‍.എമാരായ ടി.വി.ഇബ്രാഹിം, വി.എസ് ശിവകുമാര്‍ എന്നിവരാണ് മാര്‍ച്ചില്‍ പങ്കാളികളായത്.
മുഖ്യമന്ത്രി നുണ പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചതായി രമേശ് ചെന്നിത്തല ആരോപിച്ചു. ജനങ്ങള്‍ വഞ്ചിക്കപ്പെട്ടു. ആറ് തവണ മുഖ്യമന്ത്രി സ്വപ്നാസുരേഷിനെ കണ്ടു. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറയുകയാണ്. രാജാവ് നഗ്നനാണെന്ന് പറയേണ്ട സാഹചര്യം വന്നു.
സ്വപ്ന സുരേഷിന് നിയമനം നല്‍കിയത് താന്‍ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിയമനമെന്നാണ് പറഞ്ഞിരിക്കുന്നത്. വൈകുന്നേരം പത്രസമ്മേളനം നടത്തി നുണബോംബുകള്‍ പൊട്ടിക്കുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി അധംപതിച്ചു' ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയ യു.ഡി.എഫ് പിന്നീട് തീരുമാനം മാറ്റിയത്. 12ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യുഡിഎഫ് പ്രതിഷേധ പരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."