രവി കല്ലാച്ചിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
നാദാപുരം: ആദ്യകാല നക്സല്‍ പ്രവര്‍ത്തകനും സി.പി.ഐ (എം.എല്‍) റെഡ്ഫ്ളാഗ് സ്ഥാപക നേതാവുമായ രവി കല്ലാച്ചിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
മികച്ച പ്രാസംഗികനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു. ആംഗലേയ സാഹിത്യത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ഷേക്സ്പിയര്, അലക്സാണ്ടര്‍ സില്ക്രിക് തുടങ്ങിയ സാഹിത്യകാരന്മാരെ അധികരിച്ച് നിരവധി ലേഖനങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.
കല്ലാച്ചിയിലെ ആദ്യകാല പാരലല്‍ കോളജുകളിലൊന്നായ ബോധിയുടെ സ്ഥാപകനാണ്. സി.പി.ഐ (എം.ല്‍) റെഡ്ഫ്ളാഗ് സംസ്ഥാന കമ്മിറ്റി അംഗം, കെ.കെ.ടി.യു സംസ്ഥാന സെക്രട്ടറി, ശ്രീദ്രോണാചാര്യ കോളജ് അധ്യാപകന് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
ആദിവാസി ഭൂസമരങ്ങളിലും മുന്‍നിരയിലുണ്ടായിരുന്നു. ഇടക്കാലത്ത് സി.പി.എമ്മില്‍ ചേരുകയും കുറ്റിപ്രം ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മൃതദേഹം ഇന്നു രാവിലെ കല്ലാച്ചിക്കടുത്ത കുറ്റിപ്രത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ശിഷ്യഗണങ്ങളടക്കം നിരവധിയാളുകള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.
വീടിന് സമീപം നടന്ന അനുശോചന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി കുഞ്ഞിക്കൃഷ്ണന് അധ്യക്ഷനായി. എം.കെ സഫീറ, കെ.ടി കുഞ്ഞിക്കണ്ണന്, സൂപ്പി നരിക്കാട്ടേരി, പി.പി ബാലകൃഷ്ണന്, വി.എം ചന്ദ്രന്, വി.വി മുഹമ്മദലി, എം.പി സൂപ്പി, ടി. കണാരന്, ഡോ. അജയകുമാര്‍, തേറത്ത് കുഞ്ഞിക്കൃഷ്ണന് നമ്പ്യാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."