കരാറുകാരന്‍ വാക്കുപാലിച്ചില്ലെങ്കില്‍ നഷ്ടപരിഹാരത്തിന് അര്‍ഹത
ന്യൂഡല്‍ഹി: നിശ്ചിതദിവസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന വാഗ്ദാനം കരാറുകാരന്‍ പാലിച്ചില്ലെങ്കില്‍ കെട്ടിട ഉടമ നഷ്ടപരിഹാരത്തിന് അര്‍ഹനെന്ന് സുപ്രിംകോടതി. നിര്‍മാണം നിശ്ചിതദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കരാറുകാരനുമായി ധാരണാപത്രത്തില്‍ ഒപ്പിടുന്ന കെട്ടിട ഉടമ ഒരു ഉപഭോക്താവാണ്. അതിനാല്‍ ആ സമയത്തിനകം കരാറുകാരനു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താവിന് ഉപഭോക്തൃ സംരക്ഷണനിയമപ്രകാരം നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്രയും എന്‍.വി രമണയും അടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.
ഹൈദരാബാദ് സ്വദേശിയായ ബങ്ക ഡാനിയല്‍ ബാബു എന്ന കെട്ടിട ഉടമ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി. 2004ല്‍ നിര്‍മാണകമ്പനിയുമായി ഡാനിയല്‍ ബാബു കരാറൊപ്പിട്ടു. ലിഫ്റ്റും വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സ്ഥലവും ഉള്‍പ്പെടുന്ന അഞ്ചുനില കെട്ടിടം നിര്‍മിക്കാനായിരുന്നു ഡാനിയല്‍ ബാബു കമ്പനിയുമായി കരാറിലെത്തിയത്. മുനിസിപ്പാലിറ്റി അധികൃതരുടെ അനുമതി കിട്ടിയതുമുതല്‍ 19 മാസത്തിനുള്ളില്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കാമെന്നായിരുന്നു കരാര്‍. സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയായില്ലെങ്കില്‍ ഓരോ അപ്പാര്‍ട്ട്‌മെന്റിനും 2,000 രൂപവീതം മാസംതോറും അടയ്ക്കണമെന്നും വ്യവസ്ഥയിലുണ്ടായിരുന്നു. എന്നാല്‍ മൂന്നുവര്‍ഷമായിട്ടും കെട്ടിടം പണി പൂര്‍ത്തിയാക്കാനായില്ല.
തന്നെയുമല്ല, കരാറില്‍ പറഞ്ഞതുപ്രകാരമുള്ള നഷ്ടപരിഹാരത്തുക കരാറുകാരന്‍ നല്‍കിയതുമില്ല. ഇതേതുടര്‍ന്നു കെട്ടിട ഉടമസ്ഥന്‍ കരാറുകാരനെതിരേ ഉപഭോക്തൃ സംരക്ഷണനിയമപ്രകാരം ജില്ലാ കോടതിയെ സമീപിച്ചു. ജില്ലാ കോടതി ഹരജിക്കാരന്റെ ആവശ്യം പരിഗണിച്ചെങ്കിലും സംസ്ഥാന, ദേശീയ ഉപഭോക്തൃ സമിതികള്‍ ഇക്കാര്യം അംഗീകരിച്ചില്ല. ഇതേതുടര്‍ന്നാണ് ഡാനിയല്‍ ബാബു സുപ്രിംകോടതിയെ സമീപിച്ചത്.
കെട്ടിട ഉടമസ്ഥന്‍ ഉപഭോക്താവ് അല്ലെന്നും ഫ്‌ളാറ്റുകള്‍ വില്‍പ്പന നടത്തലാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്നും വ്യക്തമാക്കിയാണ് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഡാനിയല്‍ ബാബുവിന്റെ ആവശ്യം തള്ളിയത്.
ഈ വിഷയത്തില്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ നിലപാടിനെ പിന്തുണച്ചായിരുന്നു ദേശീയ കമ്മിഷന്റെ നടപടി. കേസില്‍ നഷ്ടപരിഹാരം എത്രയെന്നതടക്കമുള്ള തീരുമാനങ്ങള്‍ സംസ്ഥാന കമ്മിഷനു വിട്ടാണ് രണ്ടംഗ സുപ്രിംകോടതി ബെഞ്ചിന്റെ നടപടി. കരാറുകാരനുമായി കെട്ടിട ഉടമസ്ഥന്‍ കരാറൊപ്പിടുന്നതോടെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പിന്നീട് ഉടമസ്ഥനു യാതൊരു പങ്കുമില്ല.
അതിനാല്‍ നിര്‍മാണം വൈകുന്നതുമൂലമുള്ള നഷ്ടങ്ങള്‍ സംഭവിച്ചതിന് ഉത്തരവാദി കരാറുകാരനാണെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി, കേസ് സംസ്ഥാന കമ്മിഷന്‍ വീണ്ടും പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."