ആര് വാഴും വീഴും ഇന്നറിയാം; വോട്ടെണ്ണല്‍ തുടങ്ങി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിനായുള്ള നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം. അടുത്ത അഞ്ചുവര്‍ഷം രാജ്യം ആര് ഭരിക്കുമെന്ന് ഇന്നറിയാം. ഇന്ന് കാലത്ത് എട്ടുമണിയോടെയാണ് വോട്ടണ്ണല്‍ തുടങ്ങി. ആദ്യഫലങ്ങള്‍ രണ്ടുമണിക്കൂറിനുള്ളില്‍ അറിഞ്ഞുതുടങ്ങും. ഇത്തവണ കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണുന്നതിനാല്‍ അന്തിമഫലം പതിവിലും രണ്ടുമണിക്കൂര്‍ വൈകും.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ ഫലം എട്ടുമണിമുതല്‍ തന്നെ അപ്‌ലോഡ് ചെയ്തു തുടങ്ങും. ഫലമറിയാനുള്ള വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭ്യമാണ്. ഇതിലൂടെ സംസ്ഥാനങ്ങളിലെ വേര്‍തിരിച്ചുള്ള കണക്കുകളും മണ്ഡലങ്ങളിലെ കണക്കുകളും വ്യക്തമായി അറിയാനാവുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തങ്ങള്‍ക്ക് വേണ്ടപ്പെട്ട സ്ഥാനാര്‍ഥികളുടെ വോട്ടുവിവരങ്ങള്‍ അപ്പപ്പോള്‍ അറിയുന്നതിന് ഫേവറേറ്റ് ബട്ടണും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.
543 അംഗ ലോക്‌സഭയിലെ 542 സീറ്റുകളിലേക്കായി 8000 സ്ഥാനാര്‍ഥികള്‍ മത്സരിച്ച തെരഞ്ഞെടുപ്പ് ഫലമാണ് വരുന്നത്. അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, സിക്കിം, ഒഡീഷ അസംബ്ലികളിലേക്കുനടന്ന തെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം. നടപടി ക്രമപ്രകാരം പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണുക.
സൈനികര്‍, അര്‍ദ്ധസൈനികര്‍, മണ്ഡലത്തിന് പുറത്ത് പോസ്റ്റിങ് ലഭിച്ച പൊലിസുകാര്‍ തുടങ്ങി 18 ലക്ഷം സര്‍വിസ് വോട്ടര്‍മാരാണുള്ളത്. ഇതില്‍ 16.49 ലക്ഷം പേര്‍ വോട്ടു ചെയ്തിട്ടുണ്ട്. വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും സര്‍വിസ് വോട്ടര്‍മാരാണ്. വോട്ടിങ് യന്ത്രത്തിലെ എണ്ണല്‍ പൂര്‍ത്തിയായ ശേഷം ഓരോ മണ്ഡലത്തിനുള്ളിലെയും അസംബ്ലി മണ്ഡലങ്ങളില്‍ നിന്ന് അഞ്ച് ബൂത്തുകള്‍ നറുക്കിട്ടെടുത്ത് അതിലെ വിവിപാറ്റുകള്‍ എണ്ണും.
10.3 ലക്ഷം പോളിങ് ബൂത്തുകളാണ് ഇത്തവണ ആകെയുണ്ടായിരുന്നത്. ഇതില്‍ 20,600 പോളിങ് ബൂത്തുകളില്‍ നിന്നുള്ള വിവിപാറ്റുകളാണ് എണ്ണുക. വോട്ടെണ്ണല്‍ നിരീക്ഷിക്കുന്നതിനായി ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനമായ നിര്‍വാചന്‍ സദനില്‍ 24 മണിക്കൂര്‍ ഇ.വി.എം കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വോട്ടെണ്ണല്‍ സംബന്ധിച്ച പരാതികള്‍ കണ്‍ട്രോള്‍ റൂം പരിഗണിക്കും. മെഷിനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിന്റെ സുരക്ഷ ഉള്‍പ്പടെയുള്ള കാര്യങ്ങളും കണ്‍ട്രോള്‍ റൂമിന്റെ നിരീക്ഷണത്തിലായിരിക്കും.
കണ്‍ട്രോള്‍ റൂമില്‍ പരാതികള്‍ പറയാന്‍ 011 23052123 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. ഏഴു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 90.99 കോടി വോട്ടര്‍മാരാണ് ഇത്തവണ വോട്ടു ചെയ്തത്.
67.11 ശതമാനമായിരുന്നു പോളിങ്. രാജ്യത്തെ എക്കാലത്തെയും വലിയ വോട്ടിങ് ശതമാനമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."