ആശ്രിത തൊഴില്‍ നിയമനം: അപേക്ഷകള്‍ തീര്‍പ്പാകുന്നില്ല
കൊണ്ടോട്ടി: പഞ്ചായത്ത് വകുപ്പില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതര്‍ ജോലി ലഭിക്കുന്നതിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാകാകെ കെട്ടിക്കെടിക്കുന്നു. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ പകരം ജോലി ലഭിക്കുന്നതിനായി നല്‍കുന്ന അപേക്ഷകളിലുള്ള അവ്യക്തതകളും അപാകതകളുമാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തതിനു കാരണം.
ജോലിക്കായി നല്‍കുന്ന അപേക്ഷകളില്‍ ജോലി ഏതെന്ന് വ്യക്തമാക്കാത്തതാണ് കൂടുതലും. സേവനസാക്ഷ്യപത്രം, അനന്തരാവകാശ സാക്ഷ്യപത്രം, വരുമാന സാക്ഷ്യപത്രം, മരണ സര്‍ട്ടിഫിക്കറ്റ്, സമ്മതപത്രം, പ്രായ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സത്യവാങ്മൂലം നല്‍കി ഹാജരാക്കണം. എന്നാല്‍ മിക്ക അപേക്ഷകളും അപൂര്‍ണമാണ്. മരണപ്പെട്ട ജീവനക്കാരന്റെ അനന്തരവകാശ സാക്ഷ്യപത്രം തഹസില്‍ദാര്‍ അനുവദിച്ചതായിരിക്കണം. ഇതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. എന്നാല്‍ നിലവില്‍ ഹാജരക്കപ്പെടുന്നത് മുഴുവന്‍ മരിച്ചയാളുടെ സര്‍വിസ് വിവരങ്ങളാണ്.
സേവനത്തിലിരിക്കെ മരണപ്പെട്ട ജീവനക്കാരന്റെ മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പാണ് ഹാജരാക്കേണ്ടത്. അനന്തരവകാശ സാക്ഷ്യപത്രത്തിലെ അപേക്ഷകന്‍ ഒഴികെയുള്ളവരുടെ സമ്മതപത്രം ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തുകയും വേണം. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്നതിന് അപേക്ഷകന്റെ എസ്.എസ്.എല്‍.സി ബുക്ക്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. നിയമനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന തസ്തികയ്ക്ക് ആവശ്യമായ യോഗ്യത തെളിയിക്കുന്ന രേഖകളും നല്‍കണം. വിവാഹിതരായ മക്കളാണ് അപേക്ഷിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിക്കുന്ന സമയത്ത് ഇവരുടെ ആശ്രിതരായിരുന്നുവെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രവും ഹാജരാക്കണം. ഇത്തരം കാര്യങ്ങളിലുള്ള തെറ്റിദ്ധാരണയാണ് അപേക്ഷകളില്‍ അപാകതകള്‍ നിറയാന്‍ കാരണമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."