എം. ഫില്‍ ബിരുദം നേടി ബസ് ഡ്രൈവര്‍
തേഞ്ഞിപ്പലം: സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്തും ഒപ്പം കാലിക്കറ്റ് സര്‍വകലാശാല ഫോക്‌ലോര്‍ വിഭാഗത്തില്‍ പഠിച്ചും എം.ഫില്‍ ബിരുദം സ്വന്തമാക്കിയിരിക്കുകയാണ് വള്ളിക്കുന്ന് അരിയല്ലൂര്‍ കരുമരക്കാട് സ്വദേശിയായ അനൂപ് ഗംഗാധരന്‍. ഇനി പി.ച്ച്.ഡിയിലൂടെ ഡോക്ടറേറ്റാണ് ലക്ഷ്യം.
കരുമരക്കാട് ചെഞ്ചരൊടി വീട്ടില്‍ ഗംഗാധരന്‍-ഭാര്‍ഗവി ദമ്പതികളുടെ മകനായ അനൂപ് പ്ലസ് വണ്‍ പഠനകാലത്ത് ബസ് കഴുകി വൃത്തിയാക്കുന്ന ജോലിയോടെയാണ് ഈ മേഖലയിലേക്ക് കടന്നുവരുന്നത്. അതിന് മുന്‍പ് കല്‍പ്പണി, സെന്‍ട്രിങ്, പെയിന്റിങ്, വയറിങ് മേഖലയില്‍ സഹായിയായും തൊഴിലെടുത്തു. ഇതിനിടയിലും പഠനം തുടര്‍ന്ന അനൂപ് 2004ല്‍ പ്ലസ്ടുവും 2009 ല്‍ ബി.എ ഇംഗ്ലീഷ് ബിരുദവും നേടി. 2013 ലാണ് ഫോക്‌ലോറില്‍ ബിരുദാനന്തര ബിരുദത്തിന് ചേരുന്നത്. തുടര്‍ന്ന് എം. ഫില്‍ ഗവേഷണ യോഗ്യത നേടുകയായിരുന്നു.
ഇപ്പോള്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലൂടെ എം.എ ഇംഗ്ലീഷ് കോഴ്‌സും ചെയ്യുന്നുണ്ട്. അഞ്ഞൂറോളം പുസ്തകങ്ങളുള്ള ചെറു ലൈബ്രറിയും അനൂപിന്റെ വീട്ടിലുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ അക്കാദമിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ ബസ് ജീവനക്കാരനായി വേഷമിടുകയും ചെയ്താണ് അനൂപിന്റെ നേട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."