വ്യാജ ജനസേവന കേന്ദ്രങ്ങള്‍ നാടെങ്ങും വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നു
കോഴിക്കോട്: കൊവിഡ് കാലത്ത് സര്‍ക്കാര്‍ ഓഫിസുകളില്‍ പോകാന്‍ ജനങ്ങള്‍ മടിക്കുകയും അതിനുള്ള സൗകര്യങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അവസരം മുതലാക്കി ജനങ്ങളെ പറ്റിക്കുന്ന വ്യാജ ജനസേവന കേന്ദ്രങ്ങള്‍ പലയിടത്തും വ്യാപകമാവുന്നു.
ഇത്തരം കേന്ദ്രങ്ങള്‍ക്ക് ഫ്രാഞ്ചൈസികള്‍ നല്‍കുന്ന ലോബികളും പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍ ആധികാരികതയുള്ള അക്ഷയ കേന്ദ്രങ്ങളെ തകിടം മറിക്കുന്ന തരത്തിലാണ് ഇത്തരം കേന്ദ്രങ്ങള്‍ നാട്ടിലും നഗരത്തിലുമെല്ലാം വ്യാപകമാവുന്നത്.
ഏതെങ്കിലും കമ്പനി രജിസ്‌ട്രേഷനോ സൊസൈറ്റി രജിസ്‌ട്രേഷനോ അല്ലെങ്കില്‍ ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷനോ എടുത്ത് അവയ്ക്ക് ജനസേവനകേന്ദ്രം ആയി പ്രവര്‍ത്തിക്കുവാനുള്ള അംഗീകാരം ഉണ്ടെന്നുകാണിച്ച് ആകര്‍ഷിപ്പിച്ച് ഫ്രാഞ്ചൈസി നല്‍കിയാണ് പലരെയും ചിലകേന്ദ്രങ്ങള്‍ പറ്റിക്കുന്നത്. അത്തരത്തില്‍ ആരംഭിക്കുന്ന കേന്ദ്രങ്ങള്‍ക്ക് ജനസേവന കേന്ദ്രം എന്ന് വലിയ ബോര്‍ഡും അതിനു മുന്നിലോ പിന്നിലോ ആയി ചെറിയ എന്തെങ്കിലും പേരുകളോ ചേര്‍ക്കുകയാണ് പതിവ്. ദൂരേ നിന്നു ബോര്‍ഡുകണ്ടാല്‍ സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളാണ് ഇവയെന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടാക്കുകയാണ് ലക്ഷ്യം. നഗരങ്ങളിലും ഗ്രാമങ്ങളിലും ചെറുകടകള്‍ തുറന്ന് കംപ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനവും ഒരുക്കിയാണ് ഇത്തരം കേന്ദ്രങ്ങള്‍ വ്യാപകമാവുന്നത്. ഫ്രാഞ്ചൈസി അനുവാദം ലഭിക്കാന്‍ വേണ്ടി നല്ല തുക സംരംഭകരായ ആളുകളോട് വാങ്ങിക്കുകയാണ്. ആധാര്‍ സംബന്ധമായ രേഖകള്‍ പോലും ശരിയാക്കാനുള്ള സംവിധാനം ഒരുക്കാമെന്ന് അറിയിച്ചാണ് ഈ ലോബികള്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെയടക്കം വലയിലാക്കുന്നത്.
20000 രൂപ മുതല്‍ 50000 രൂപ വരെ ഫ്രാഞ്ചൈസി ഫീസ് വാങ്ങി കബളിപ്പിക്കുന്ന സംഭവവും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളുടെ ഇ-ഡിസ്ട്രിക്റ്റ് സംവിധാനത്തെപ്പോലും ദുരുപയോഗം ചെയ്യുകയും അട്ടിമറിക്കുകയുമാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇ- ഡിസ്ട്രിക്ട് പോര്‍ട്ടലിലില്‍ രണ്ടു തരം ലോഗിന്‍ ഉണ്ട്. ഒന്ന് ഒഫീഷ്യല്‍ ലോഗിനും മറ്റൊന്ന് ഓപ്പണ്‍ പോര്‍ട്ടലും. ഒഫീഷ്യല്‍ ലോഗിന്‍ സംവിധാനമാണ് അക്ഷയയ്ക്കുള്ളത്.
കംപ്യൂട്ടര്‍ ഉപയോഗിച്ചു സ്വന്തമായി സര്‍വിസുകള്‍ ചെയ്യാനറിയാവുന്നവര്‍ക്കാണ് ഓപ്പണ്‍ പോര്‍ട്ടല്‍. പല വ്യാജകേന്ദ്രങ്ങളും ഓപ്പണ്‍ പോര്‍ട്ടല്‍ കച്ചവടപരമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയതാണ്.
വ്യക്തിഗത ലോഗിനിലൂടെ പൊതുജനങ്ങള്‍ക്ക് സ്വന്തം ആവശ്യത്തിനായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം കോമണ്‍ സര്‍വിസ് സെന്ററുകളോ ഇതര ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളോ വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും അത്തരം നടപടികള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഐ.ടി വകുപ്പ് കഴിഞ്ഞ വര്‍ഷം ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വില്ലേജ് ഓഫിസ് സേവനങ്ങള്‍ വ്യാവസായികമായി നല്‍കാന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് അധികാരമുള്ളത്. എന്നാല്‍ ഇതുള്‍പ്പെടെ ഏതു സേവനങ്ങളും തങ്ങള്‍ ചെയ്യുമെന്നാണ് ഇത്തരം കേന്ദ്രങ്ങള്‍ പറയുന്നത്. ഇവിടങ്ങളില്‍ എത്തുന്ന ജനങ്ങളുടെ ആധാര്‍, ഫോണ്‍ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് എന്നിവ സുരക്ഷിതമല്ലെന്ന വസ്തുത കൂടി നിലനില്‍ക്കുന്നുണ്ട്. ഇത്തരം വിവരങ്ങള്‍ ചില കമ്പനികള്‍ക്ക് ചോര്‍ത്തി നല്‍കിയാല്‍ വന്‍ തുക പ്രതിഫലമായി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."