വിജയിച്ച മതേതരസഖ്യത്തിന്റെ തേരില്‍ തമിഴകം
ചെന്നൈ: മതേതരകക്ഷികള്‍ പരസ്പരം മത്സരിച്ച ഹിന്ദുമേഖലകളെല്ലാം ബി.ജെ.പി കീഴടക്കിയപ്പോള്‍ വിജയകരമായ സഖ്യരൂപീകരണത്തിലൂടെ എന്‍.ഡി.എയെ തടഞ്ഞുനിര്‍ത്തി തമിഴ്മണ്ണ്.
കഴിഞ്ഞതവണ ഒരുസീറ്റ് പോലും ലഭിക്കാതിരുന്ന ഡി.എം.കെ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ് എന്നീകക്ഷികളെ കൂട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ വിജയിച്ചത് 23 മണ്ഡലങ്ങളില്‍. കോണ്‍ഗ്രസ്- 8, സി.പി.എം- 1, സി.പി.ഐ- 1, ലീഗ്- 1 എന്നിങ്ങനെയാണ് മറ്റുകക്ഷിനില. എന്‍.ഡി.എയുടെ ഭാഗമായ അണ്ണാ ഡി.എം.കെക്ക് രണ്ടുസീറ്റും ലഭിച്ചു.
ആകെയുള്ള 39 സീറ്റില്‍ 37ഉം അണ്ണാ ഡി.എം.കെയാണ് കഴിഞ്ഞതവണ നേടിയത്. സ്ഥാനാര്‍ഥി മരിച്ചതിനാല്‍ 38 സീറ്റിലാണ് വോട്ടെടുപ്പ് നടന്നത്.
2014ല്‍ ലഭിച്ച ഏക സീറ്റ് പോലും ബി.ജെ.പിക്കു ഇവിടെ നിലനിര്‍ത്താനായില്ല. ശബരിമല സന്ദര്‍ശനം നടത്തി കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ച ബി.ജെ.പിയുടെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ കന്യാകുമാരി മണ്ഡലം കൈവിട്ടു. കന്യാകുമാരിയില്‍ കോണ്‍ഗ്രസിലെ എച്ച്. വസന്ത്കുമാറാണ് വിജയിച്ചത്. കോയമ്പത്തൂരില്‍ ബി.ജെ.പിയുടെ സി.പി രാധാകൃഷ്ണന് മികച്ച വിജയം നേടി. ഡി.എം.കെയുടെ കനിമൊഴി 86,000 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മുന്‍ കേന്ദ്രമന്ത്രിയായ ഡി.എം.കെ നേതാവ് ഡി. രാജ നീലഗിരിയില്‍നിന്നും കോണ്‍ഗ്രസിന്റെ കാര്‍ത്തി ചിദംബരം ശിവഗംഗയില്നിന്നും വിജയിച്ചു.
ഡി.എം.കെയുടെ വന്‍ വിജയത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിനും അഭിമാനിക്കാം. രാമനാഥപുരത്ത് ലീഗിന്റെ നവാസ് ഗനി എഴുപതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്. പി.എം.കെ, വി.സി.കെ എന്നിവയും ഓരോ സീറ്റില്‍ വിജയിച്ചു. ഈ തെരഞ്ഞെടുപ്പിലൂടെ കന്നി മത്സരത്തിനിറങ്ങിയ ടി.ടി.വി ദിനകരന്റെ എ.എം.എം.കെയ്ക്കും കമല്‍ഹാസന്റെ എം.എന്‍.എമ്മിനും അക്കൗണ്ട് തുറക്കാനായില്ല.
അതേസമയം, ഉപതെരഞ്ഞെടുപ്പു നടന്ന 22 നിയമസഭാ സീറ്റുകളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ വിജയിച്ചത്. 14 സീറ്റില്‍ ഡി.എം.കെയും വിജയിച്ചു. 234 അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 114 അംഗങ്ങളാണ് പളനിസ്വാമിയുടെ പാര്‍ട്ടിക്കുള്ളത്. ഡി.എം.കെക്ക് 88 പേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."