സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 'അനര്‍ഹര്‍' അര്‍ഹരോ?; വീണ്ടും പരിശോധിക്കും!
മുക്കം: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലിസ്റ്റില്‍നിന്ന് അനര്‍ഹരെന്നു കണ്ടെത്തി ഒഴിവാക്കിയവരുടെ വിവരങ്ങള്‍ വീണ്ടും പരിശോധിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നു തെറ്റായി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അര്‍ഹരായ നിരവധി പേര്‍ക്കു പെന്‍ഷന്‍ നിഷേധിച്ചതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്തു സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന 40,61,393 ഗുണഭോക്താക്കളില്‍ നിരവധി അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 64,238 പേരെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയിരുന്നത്. തുടര്‍ന്ന് അനര്‍ഹരുടെ പട്ടിക തയാറാക്കിയതില്‍ അപാകതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി തടഞ്ഞുവയ്ക്കപ്പെട്ട 4,617 പേര്‍ക്കുകൂടി പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു.
എന്നാല്‍, വീണ്ടും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലിസ്റ്റ് വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചത്. ആയിരം സി.സിയില്‍ കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള വാഹനങ്ങള്‍ സ്വന്തമായുള്ളവര്‍ക്കു സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹതയില്ലെന്ന മാനദണ്ഡം ഉള്‍പ്പെടുത്തിയതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് അനര്‍ഹരെ ഒഴിവാക്കുന്നത്. ഇതില്‍ വ്യാപക പാകപ്പിഴ വന്നതായാണ് പ്രധാന ആക്ഷേപം.
വീണ്ടുമൊരു പരിശോധനകൂടി നടത്തണമെന്നും അര്‍ഹരായ ആരെങ്കിലും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കു തടഞ്ഞുവച്ച പെന്‍ഷന്‍ തുക പെട്ടെന്നുതന്നെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിവിധ വകുപ്പുകളുടെ സഹായത്തോടെ കാര്യക്ഷമമായ രീതിയില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."