ഇന്ന് കേരളം ചിന്തിച്ചത് നാളെ ഡല്‍ഹി ചിന്തിക്കും: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇന്ന് കേരളം ചിന്തിച്ചത് നാളെ ഡല്‍ഹി ചിന്തിക്കുമെന്ന ഒരു ചൊല്ലുണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയപ്പോള്‍ കേന്ദ്രത്തില്‍ നിരാശപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ പരാജയപ്പെട്ടു എന്നതുകൊണ്ട് ബി.ജെ.പിക്കും മോദിക്കും എതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം കൊണ്ട് വ്യക്തമായത് ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണല്ല ഇത് എന്നാണ്. ദേശീയ തലത്തില്‍ വലിയ വിജയം നേടിയ ബിജെപി കേരളത്തില്‍ വിജയം ആവര്‍ത്തിക്കാതിരുന്നതിന് കാരണം യുഡിഎഫ് ഉയര്‍ത്തിപിടിച്ച മതേതര ജനാധിപത്യ മൂല്യങ്ങളാണ്. കോണ്‍ഗ്രസ് കാരണമാണ് ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കാതിരുന്നത്. ശബരിമല വിഷയത്തിലടക്കം തങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ടായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ സിപിഎം വോട്ടുകളാണ് ബിജെപിക്ക് പോയിട്ടുള്ളത്. കോണ്‍ഗ്രസിനെയാണ് എല്‍ഡിഎഫ് എപ്പോഴും ആക്ഷേപിക്കാറുള്ളത്. എന്നാല്‍, ആരുടെ വോട്ടുകളാണ് ബിജെപിക്ക് പോയതെന്ന് സിപിഎം വിലയിരുത്തണം. നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനുള്ള ആധിപത്യം നഷ്ടമായെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."