ഓംബുസ്മാന്‍ വിധി വന്നിട്ടും രക്ഷയില്ല സഹകരണ ബാങ്കുകളില്‍ ലിംഗവിവേചനം
സ്ത്രീ ശാക്തീകരണത്തിന് മുഖ്യപരിഗണന നല്‍കുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണ ബേങ്കുകളാണ് സ്ത്രീകള്‍ക്ക് ലോണ്‍ നിഷേധിക്കുന്നത്
ഇരിട്ടി: ഓംബുസ്മാന്‍ വിധിയുണ്ടായിട്ടും സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ലിംഗ വിവേചനം തുടരുന്നു. സഹകരണ ബേങ്കിലെ ഷെയര്‍ ഹോള്‍ഡേഴ്‌സിനു രണ്ടാള്‍ ജാമ്യം നില്‍ക്കുകയാണെങ്കില്‍ 5000 മുതല്‍ 50,000 വരെ ലോണ്‍ കൊടുക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് ഈ ആനുകൂല്യം സഹകരണ ബാങ്കുകള്‍ നിഷേധിക്കുന്നതായാണ് ആരോപണം ഉയരുന്നത്. ലോണ്‍ ആവശ്യമുള്ള ഒരു സ്ത്രീക്ക് മറ്റു രണ്ടു സ്ത്രീകള്‍ ജാമ്യം നില്‍ക്കുന്നത് ലോണ്‍ തിരിച്ചടവിനുള്ള സാധ്യത കുറയുമെന്ന ചിന്തയാണ് ഇതിനു കാരണം. മലയോര മേഖലകളില്‍ ഇത് അലിഖിത നിയമമായി എല്ലാ ബാങ്കുകളും നടപ്പിലാക്കുമ്പോള്‍ ബ്ലേഡ് കമ്പനികളെയും തമിഴ്‌നാട്ടില്‍ നിന്നുള്ള വട്ടിപ്പലിശക്കാരെയും ആശ്രയിക്കേണ്ട ഗതികേടിലാണ് സ്ത്രീകള്‍.
സ്ത്രീകള്‍ ലോണെടുത്ത് തിരിച്ചടക്കാത്ത മുന്‍സിഫ് കോടതിയില്‍ നിലവിലുള്ള കേസുകളില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിടുന്നില്ലെന്നാണ് ലോണ്‍ നിഷേധിക്കുന്നതിന് ബാങ്കുകള്‍ കാരണമായി പറയുന്നത്. എന്നാല്‍ പുരുഷ മെമ്പര്‍മാര്‍ക്ക് യഥേഷ്ടം ലോണ്‍ കൊടുക്കുകയും ചെയ്യുന്നുണ്ട്. ആറളം സര്‍വീസ് കോപ്പറേറ്റീവ് ബേങ്കില്‍ ലോണിന് അപേക്ഷിച്ചവര്‍ക്ക് ജാമ്യക്കാര്‍ സ്ത്രീ മെമ്പര്‍മാര്‍ ആയതിനാല്‍ ലോണ്‍ നിഷേധിച്ചിരുന്നു. തുടര്‍ന്ന് കീഴ്പള്ളി അത്തിക്കല്‍ താമസിക്കുന്ന വി.ബി ഹസീന സംസ്ഥാന സഹകരണ ഓംബുസ്മാനില്‍ പരാതി നല്‍കി. പരാതി പരിഗണിച്ച ഓംബുഡ്‌സ്മന്‍ നിലവിലെ നിയമം അനുസരിച്ച് ലിംഗ വിവേചനമില്ലാതെ അംഗങ്ങള്‍ക്ക് ലോണ്‍ കൊടുക്കണമെന്ന് ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും മലയോര മേഖലയിലെ ഭൂരിപക്ഷം വരുന്ന സഹകരണ സ്ഥാപനങ്ങളും ഈ ഉത്തരവ് കാറ്റില്‍ പറത്തി ലിംഗ വിവേചനം തുടരുകയാണ്. സ്ത്രീ ശാക്തീകരണത്തിന് മുഖ്യപരിഗണന നല്‍കുന്ന മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സഹകരണ ബേങ്കുകളാണ് സ്ത്രീകള്‍ക്ക് ലോണ്‍ നിഷേധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."