ബസുകളുടെ മത്സര ഓട്ടം തുടരുന്നു: വിദ്യാര്‍ഥികളുടെ ദുരിതത്തിന് അറുതിയില്ല
എടച്ചേരി: സ്റ്റോപ്പുകളില്‍ നിര്‍ത്താതെയുള്ള ബസുകളുടെ മത്സരയോട്ടം കാരണം വിദ്യാര്‍ഥികളുടെ ദുരിതം തുടരുകയാണ്. കാലങ്ങളായി നില നില്‍ക്കുന്ന ബസ് ഡ്രൈവര്‍മാരുടെ വിവര്‍ദ്യാര്‍ഥികളോടുള്ള അയിത്തം ഇന്നും തുടരുകയാണ്.
സ്റ്റോപ്പുകളില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ പല സ്വകാര്യ ബസുകളും നിര്‍ത്താതെ പോകുന്നത് പതിവ് കാഴ്ചയാണ്.
വടകര തൊട്ടില്‍ പാലം റൂട്ടിലാണ് കൂടുതലായും ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ ശത്രുക്കളെ പോലെ കരുതുന്നത്.
വടകര സ്റ്റാന്റില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ബസില്‍ കയറണമെങ്കില്‍ ക്ലീനറുടെ കനിവ് കാത്തിരിക്കണം. സീറ്റില്‍ യാത്രക്കാര്‍ നിറഞ്ഞാലും ബസിലേക്ക് ഇവര്‍ക്ക് പ്രവേശനമില്ല. നിന്ന് യാത്ര ചെയ്യുന്നവരും ബസില്‍ നിറഞ്ഞ് സ്റ്റാന്റില്‍ നിന്ന് പുറപ്പെടാന്‍ നേരത്ത്മാത്രമെ വിദ്യാര്‍ഥികളെ കയറ്റൂ.
പ്രധാന ടൗണുകളിലെ സ്‌റ്റോപ്പുകളില്‍ പോലും വിദ്യാര്‍ഥികളെ കാണുമ്പോള്‍ പല ഡ്രൈവര്‍മാര്‍ക്കും നിര്‍ത്താന്‍ മടിയാണെന്ന് വിദ്യാര്‍ഥികള്‍ക്കൊപ്പം നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. വടകര -തൊട്ടില്‍ പാലം റൂട്ടില്‍ ഓര്‍ക്കാട്ടേരി മുതല്‍ വട്ടോളി വരെയുള്ള വിവിധ സ്‌കൂളുകളിലും, ട്യൂഷന്‍ സെന്ററുകളിലും പഠിക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ബസുകാരുടെ അവഗണനയില്‍ സമയത്തിന് ക്ലാസുകളിലെത്താന്‍ സാധിക്കാതെ പ്രയാസപ്പെടുന്നത്.
പത്താം ക്ലാസുകാരായ വിദ്യാര്‍ഥികള്‍ക്ക് മിക്ക സ്‌കൂളുകളിലും സ്‌കൂള്‍ സമയത്തിന് മുന്‍പ് തന്നെ ക്ലാസുകള്‍ തുടങ്ങാറുണ്ട്. ചിലരെങ്കിലും ട്യൂഷന്‍ സെന്ററുകളില്‍ പോകുന്നവരുമാണ്.
കാലത്ത് പ്രഭാതഭക്ഷണം പോലും കഴിക്കാന്‍ സമയം ലഭിക്കാതെ ഓടിക്കിതച്ച് സ്‌കൂളിലേക്ക് പുറപ്പെടുന്ന പല വിദ്യാര്‍ഥികളും വിവിധ ബസ്റ്റോപ്പുകളില്‍ കാത്തുനില്‍ക്കേണ്ടി വരികയാണ്.
കാലത്ത് ഏഴിനും 7.30 നും ഇടയില്‍ ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ ഒന്നോ രണ്ടോ മാത്രമാണ് ഇപ്പോള്‍ ഓടുന്നത്. ഇതിനിടയില്‍ മൂന്നോളം കെ.എസ് ആര്‍ ടി സി ബസുകളാണുള്ളത്.
സര്‍ക്കാര്‍ ബസില്‍ കണ്‍സഷന്‍ ലഭിക്കാത്തതിനാല്‍ ഈ രണ്ട് സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. അവ സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നതോടെ കുട്ടികള്‍ ഏറെ നേരം ബസ്റ്റോപ്പില്‍ കാത്തു കെട്ടിക്കിടക്കേണ്ടി വരും.
ഇവരില്‍ പലര്‍ക്കും തങ്ങള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ വൈകിയെത്തിയാല്‍ പിഴ ഈടാക്കല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ മുറകളും ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.
കാലത്തും ,വൈകുന്നേരവും പ്രധാന സ്റ്റോപ്പുകളിലെങ്കിലും പൊലിസിന്റെ സാന്നിധ്യം ഉറപ്പു വരുത്തുകയാണെങ്കില്‍ വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നം ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഈ റൂട്ടുകളിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ വിദ്യാര്‍ഥികളോടുള്ള സമീപനം മാറ്റാന്‍ നിയമപാലകര്‍ അടിയന്തിരമായി ഇടപെടുമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."