പ്രമേഹ രോഗികളും ഗർഭിണികളും ഉംറ തീര്‍ഥാടനത്തിൽ നിന്നു വിട്ടു നിൽക്കണമെന്ന് ആരോഗ്യ മന്ത്രാലയം
ജിദ്ദ: പ്രമേഹം അടക്കമുള്ള രോഗങ്ങളുള്ളവര്‍ തല്‍ക്കാലത്തേക്ക് ഉംറ തീര്‍ഥാടനത്തിനും ഹറം സന്ദര്‍ശനത്തിനും മുതിരുതെന്ന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. ആറു മാസത്തിനിടെ ആശുപത്രിയില്‍ കിടന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍, നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹ രോഗികള്‍, രക്തസമ്മര്‍ദ രോഗികള്‍, ലിവര്‍ സിറോസിസ് ബാധിച്ചവര്‍, ഹൃദയപേശി രോഗികള്‍, കൊറോണറി ആര്‍ട്ടറി രോഗി, ശ്വാസകോശ രോഗികള്‍, അമിത വണ്ണക്കാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഉംറ തീര്‍ഥാടനവും ഹറം സന്ദര്‍ശനവും നീട്ടിവെക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കൊറോണയുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. ഈ ഗണത്തില്‍പ്പെട്ട രോഗികള്‍ക്ക് വളരെ വേഗം കൊവിഡ് പിടിപെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരക്കാര്‍ കഴിയുന്നതും ഉംറ, ഹറം സന്ദര്‍ശനത്തില്‍നിന്നു വിട്ടു നില്‍ക്കണമെന്ന ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച പുനരാരംഭിച്ച് ഉംറ തീര്‍ഥാടനം സുഗമമായി പുരോഗമിക്കുകയാണ്.
അതേ സമയം ഇഅ്തമര്‍നാ ആപ് വഴി ഉംറക്ക് അനുമതി ലഭിച്ചവര്‍ നിശ്ചിത സമയത്തിന് മുമ്പേ അതിര്‍ത്തിയിലെത്തിയാല്‍ തിരിച്ചുവിടുമെന്ന് മക്ക റോഡ് സുരക്ഷ വിഭാഗം മേധാവി ബ്രിഗേഡിയര്‍ അബ്ദുല്‍ അസീസ് അല്‍ഹമ്മാദ് അറിയിച്ചു. അതിര്‍ത്തിയിലെത്തുന്ന ഓരോരുത്തരുടെയും പേരുകളും സമയവും ഇഅ്തമര്‍നാ ആപില്‍ പരിശോധിച്ചുറപ്പുവരുത്തി മാത്രമേ കടന്നുപോകാന്‍ അനുവദിക്കുകയുള്ളൂ. സമയത്തിന് മുമ്പേ എത്തുന്നവരെ തിരിച്ചയക്കും. അപ്ലിക്കേഷനില്‍ നിന്നനുവദിച്ച സമയത്ത് അവര്‍ക്ക് കടുന്നുവരാം. അദ്ദേഹം പറഞ്ഞു
അതിനിടെ ഇതുവരേക്കും കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതീവ ജാഗ്രതയും സുരക്ഷാ നടപടികളുമാണ് ഹറം കാര്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ ദിനേന ആറായിരം പേര്‍ക്കാണ് ഉംറക്ക് അനുമതി. അടുത്ത ഘട്ടം അടുത്ത ഞായറാഴ്ച തുടങ്ങും. അന്നേരം 15,000 പേര്‍ക്കും നവംബര്‍ ഒന്നിനു തുടങ്ങുന്ന മൂന്നാം ഘട്ടത്തില്‍ വിദേശ തീര്‍ഥാടകര്‍ക്കും അനുമതി നല്‍കുമെന്നാണ് അറിയിട്ടുള്ളത്. ആദ്യ രണ്ടു ഘട്ടങ്ങളും പൂര്‍ണമായും ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് നല്‍കിയിട്ടുള്ളത്. ഏതെല്ലാം വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കായിരിക്കും അനുമതി നല്‍കുകയെന്ന കാര്യത്തില്‍ ഇതുവരേക്കും വിശദീകരണം ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."