കാര്‍ഷികാദായത്തിന് നികുതി ഈടാക്കില്ലെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഷികാദായത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ആലോചനയില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ത്യയില്‍ അതിസമ്പന്നരായ കര്‍ഷകരുടെ എണ്ണം കുറവാണെന്നു പറഞ്ഞ മന്ത്രി കാര്‍ഷിക മേഖലയെ പുരോഗതിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.
പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ കാര്‍ഷിക മേഖല വലിയ ദുരിതത്തിലാണ്. നികുതി ഈടാക്കുകയെന്ന നിര്‍ദേശം വന്നാല്‍ അത് കര്‍ഷകര്‍ക്ക് വലിയ ബാധ്യതയായിരിക്കും.
നേരത്തെതന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ കര്‍ഷകര്‍ക്ക് ഒരുതരത്തിലുള്ള ആശങ്കകള്‍ക്കും അടിസ്ഥാനമില്ല.
കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നത്തിന് നികുതി നല്‍കേണ്ടിവരുമെന്ന് കഴിഞ്ഞ മാസം നീതി ആയോഗ് അംഗം വിവേക് ദെബ്രോയ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് സമ്പന്നരായ കര്‍ഷകരുടെ എണ്ണം പരിമിതമാണ്. നിലവിലുള്ള എല്ലാ കര്‍ഷകരും സര്‍ക്കാരിന്റെ സംരക്ഷണം ആവശ്യമുള്ളവരാണ്. അതുകൊണ്ട് അവരെ നികുതിദായകരാക്കുന്ന രീതി അപ്രായോഗികമാണ്. യഥാര്‍ഥത്തില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് നികുതി ഈടാക്കുകയെന്നത് കേന്ദ്രത്തിന്റെ ചുമതലയല്ല. അത് സംസ്ഥാന സര്‍ക്കാരുകളുടെ പരിധിയില്‍ വരുന്നതാണ്. ദുരിതത്തില്‍ കഴിയുന്ന കര്‍ഷകര്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകുമെന്ന് വിശ്വസിക്കുന്നില്ല-ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.
അതിനിടയില്‍ നീതി ആയോഗ് അംഗം ദെബ്രോയിയുടെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനാഗരിയ പറഞ്ഞു. കര്‍ഷകര്‍ക്ക് നികുതി ഏര്‍പ്പെടുത്തുകയെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."