സൂറത്ത് തീപിടിത്തം: കോച്ചിങ് സെന്റര്‍ ഉടമ അറസ്റ്റില്‍
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ നാലുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോച്ചിങ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. പുക ശ്വസിച്ചും പ്രാണരക്ഷാര്‍ഥം കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയുമാണ് പലരും മരിച്ചത്.
തീപിടിത്തത്തിന് കാരണം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ കെട്ടിടത്തിന്റെ നിര്‍മാതാക്കള്‍, കോച്ചിങ് സെന്റര്‍ ഉടമ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കെട്ടിടം നിര്‍മിച്ച ഹര്‍ഷല്‍ വെകാരിയ, ജിഗ്നേഷ് എന്നിവരും കോച്ചിങ് സെന്റര്‍ ഉടമ ഭാര്‍ഗവ് ബുതാനിയുമാണ് അറസ്റ്റിലായത്.
അതിനിടയില്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന്റെ വിഡിയോ പുറത്തുവന്നു. സൂറത്തിലെ സര്‍ത്താന ഏരിയയിലെ തക്ഷശില കോംപ്ലക്സ് എന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഈ സമയം കോച്ചിങ് സെന്ററില്‍ 70 കുട്ടികളുണ്ടായിരുന്നു.
തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സൂറത്തിലെ മുഴുവന്‍ കോച്ചിങ് സെന്ററുകളും താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ പൊലിസ് ഉത്തരവിട്ടിട്ടുണ്ട്. അഗ്നി സുരക്ഷാ സംവിധാനം ഉള്‍പ്പെടെയുള്ളവ ഉണ്ടെങ്കില്‍ മാത്രമേ തുടര്‍പ്രവര്‍ത്തനം അനുവദിക്കൂ എന്ന് സൂറത്ത് പൊലിസ് കമ്മിഷനര്‍ സതീഷ് ശര്‍മ പറഞ്ഞു. അഗ്നി സുരക്ഷാ സര്‍ട്ടിഫിക്കറ്റ് കര്‍ശനമായും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."