പുന്നത്തുറ കമ്പനിക്കടവ് പാലം അപകടാവസ്ഥയില്‍; നിരോധനം മറികടന്ന് ഭാരവണ്ടികള്‍
ഏറ്റുമാനൂര്‍: പുന്നത്തുറ കമ്പനിക്കടവ് പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളേറെ. പുതിയ പാലം നിര്‍മ്മാണം അനിശ്ചിതാവസ്ഥയില്‍ തുടരുന്നു.
ഇതിനിടെ നിരോധനം മറികടന്ന് ഇടുങ്ങിയ പാലത്തിലൂടെ ഭാരവണ്ടികള്‍ കയറുന്നത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുന്നു. കഴിഞ്ഞ ദിവസം പാലത്തിലേയ്ക്ക് കയറുന്നതിനിടയില്‍ സ്‌കൂള്‍ ബസ് കുഴിയില്‍ വീണു. വീതി ഇല്ലാത്തതിനാല്‍ വളരെ പാടുപെട്ട് തിരിച്ചാണ് പാലത്തിലേയ്ക്ക് വാഹനങ്ങള്‍ കയറ്റുന്നത്. നാട്ടുകാര്‍ മുറവിളി കൂട്ടിയിട്ടും പുതിയ പാലം നിര്‍മ്മാണം അനിശ്ചിതത്തില്‍ തുടരുകയാണ്. കൈവരികള്‍ തകര്‍ന്ന പാലത്തിന്റെ തൂണുകള്‍ക്കും ബലക്ഷയമുണ്ട്. ടിപ്പര്‍ ലോറികളുള്‍പ്പടെ ഇതുവഴി പോകുന്നു. മോന്‍സ് ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് കമ്പനിക്കടവില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് തീരുമാനമായെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
ധനകാര്യ വകുപ്പിന്റെ മാന്ദ്യവിരുദ്ധ പദ്ധതിയില്‍ നിന്നും എട്ട് കോടി രൂപ അനുവദിച്ച് പുതിയ പാലത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കായിരുന്നു. അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പിനുള്ള നടപടികളും തുടങ്ങിയതാണ്. പക്ഷെ ടെന്‍ഡര്‍ നടപടികള്‍ മുടങ്ങി. പണി മുടങ്ങിയതോടെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു സമരം നടത്തി.
തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയര്‍ പരിശോധന നടത്തുകയും പുതിയ പാലത്തിനുള്ള എസ്റ്റിമേറ്റില്‍ മാറ്റം വരുത്തുകയും ചെയ്തു. പാലത്തിന്റെ ഉയരം വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു പ്രധാന നിര്‍ദേശം.
കൂടാതെ മണ്ണുപരിശോധനയും നടത്തണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ പാലത്തിന്റെ നിര്‍മ്മാണ ചിലവ് 13 കോടിയായി ഉയര്‍ന്നു. പണികള്‍ കടലാസില്‍ തന്നെ നിലയ്ക്കുകയും ചെയ്തു. പാലത്തിന്റെ ഒരു ഭാഗം ഏറ്റുമാനൂര്‍ നഗരസഭയിലും മറു ഭാഗം അയര്‍ക്കുന്നം ഗ്രാമ പഞ്ചായത്തിലുമാണ്.
പുതിയ പാലം നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പാലാ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഏറ്റുമാനൂര്‍ ടൗണിലെത്താതെ മെഡിക്കല്‍ കോളേജ്, കോട്ടയം എന്നിവിടങ്ങളിലേയ്ക്ക് പോകാന്‍ പറ്റും. ഇനി പാലം നിര്‍മ്മാണം ആരംഭിക്കണമെങ്കില്‍ ധനകാര്യ വകുപ്പിന്റെ അനുമതി ആദ്യം ലഭിക്കേണ്ടതുണ്ടത്രേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."