പ്രതികള്‍ കുറ്റം സമ്മതിച്ചു
കൊച്ചി: ആലുവയില്‍ ആറു കോടി വില വരുന്ന 25 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ കുറ്റം സമ്മതിച്ചു. ഇവരെ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇടുക്കി മുരിക്കാശേരി കുരിയത്ത് ദേവസി മകന്‍ സതീഷ് സെബാസ്റ്റ്യന്‍ (39) ,തൊടുപുഴ കുമ്പന്‍കോട് കിഴക്കേ മീത്തില്‍ റാഷിദ്(37), മൂവാറ്റുപുഴ മഞ്ഞള്ളൂര്‍ മടക്കാത്തനം വെള്ളാപ്പിള്ളി വീട്ടില്‍ നസീബ് നൗഷാദ് (22), തൊടുപുഴ കുമാരമംഗലം നടുവിലകത്ത് സുനീഷ് (30) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ 397,395, 120 ബി അടക്കം വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കവര്‍ച്ച നടന്ന ദിവസം സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ പിടിയിലായവര്‍ ഉള്‍പെട്ടതായി പൊലിസ് തിരിച്ചറിഞ്ഞു. സ്വര്‍ണം കണ്ടെത്താന്‍ ശ്രമം തുടരുന്നതായി പൊലിസ് അറിയിച്ചു. എടയാറിലെ സ്വര്‍ണ ശുദ്ധീകരണ കമ്പനിയിലെ മുന്‍ ഡ്രൈവറായ ഇടുക്കി മുരിക്കാശ്ശേരി സ്വദേശി സതീഷ് ഏതാനും മാസം മുന്‍പാണ് കമ്പനി വിട്ടത്. വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. മൂന്നാറിനടുത്ത് സിങ്ക്കണ്ടത്തെ കാടിനകത്ത് എയര്‍ ഗണ്‍ അടക്കമുള്ള ആയുധങ്ങളുമായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. പൊലിസിനെ കണ്ടതോടെ തോക്ക് ചൂണ്ടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഏറ്റുമുട്ടലിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. കവര്‍ച്ച നടത്തി സ്വര്‍ണം ഒളിപ്പിച്ച ശേഷം ഒളിവില്‍ പോയെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ പൊലിസ് പരിശോധിക്കുകയാണ്. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികളും ഇതോടെ പിടിയിലായി. കവര്‍ച്ച നടത്തിയ ആറ് കോടി രൂപയുടെ സ്വര്‍ണം ഇന്‍ഷുറന്‍സ് ചെയ്തിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ സ്വര്‍ണ ശുദ്ധീകരണ ശാലയുടെ ഉടമകളുടെ പങ്കും വിശദമായി പരിശോധിക്കുന്നുണ്ട്.
സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഇടയാറിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുപോയ സ്വര്‍ണമാണ് കവര്‍ന്നത്. നാല് ബൈക്കുകളിലായി എത്തിയ കവര്‍ച്ച സംഘം കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് കാറിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."