പാലായില്‍ ജോസിന് സി.പി.എമ്മിന്റെ ഉറപ്പ് ബദല്‍ രാഷ്ട്രീയനീക്കവുമായി മാണി സി. കാപ്പന്‍
കോട്ടയം: എന്‍.സി.പിയുടെയും മാണി സി. കാപ്പന്റെയും എതിര്‍പ്പു തള്ളി പാലാ നിയമസഭാ സീറ്റ് ജോസ് കെ. മാണിക്കു തന്നെ നല്‍കാന്‍ സി.പി.എം. പാലായില്‍ സി.പി.എമ്മിന്റെ ഉറപ്പു ലഭിച്ചതോടെ ഇടതനുകൂല രാഷ്ട്രീയപ്രഖ്യാപനം അടുത്ത ദിവസം തന്നെ നടത്താനൊരുങ്ങുകയാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷം.
പാലാ സീറ്റിനെച്ചൊല്ലി എന്‍.സി.പിയും മാണി സി. കാപ്പനും എതിര്‍പ്പു ശക്തമാക്കിയതോടെയാണ് ജോസ് പക്ഷത്തിന്റെ രാഷ്ട്രീപ്രഖ്യാപനം നീണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സീറ്റുകള്‍ സംബന്ധിച്ച് ജോസ് പക്ഷം സി.പി.എമ്മുമായി ചര്‍ച്ച നടത്തുമ്പോഴും പാലാ സീറ്റില്‍ ആശങ്കയിലായിരുന്നു. സി.പി.എമ്മിന്റെ ഉറപ്പു ലഭിച്ചതോടെ അടുത്ത രാഷ്ട്രീയനീക്കത്തിന് തയാറെടുക്കുകയാണവര്‍. പാലാ സീറ്റിനു പകരം ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവച്ച് അതു കാപ്പനു നല്‍കാമെന്നാണ് വാഗ്ദാനം. ഇതിനു കാപ്പന്‍ തയാറായില്ലെങ്കില്‍ ജോസ് രാജ്യസഭാംഗത്വം രാജിവയ്ക്കില്ല.
സി.പി.എം കൈവിട്ടെന്ന് തിരിച്ചറിഞ്ഞ കാപ്പന്‍ തന്റെ പ്രതിഷേധം സി.പി.എം നേതൃത്വത്തെ അറിയിച്ചു. പാലായ്ക്കു മേലുള്ള ജോസിന്റെ അവകാശവാദത്തിനും തദ്ദേശ തെരഞ്ഞെടുപ്പിലെ ഏകപക്ഷീയ സീറ്റ് ചര്‍ച്ചയിലുമുള്ള എതിര്‍പ്പ് കാപ്പന്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരില്‍ കണ്ടും പ്രതിഷേധമറിയിക്കും.
പാലായില്‍ ഉള്‍പ്പെടെ എന്‍.സി.പി അടക്കമുള്ള എല്‍.ഡി.എഫ് ഘടകക്ഷികളെ ഒഴിവാക്കിയാണ് ജോസ് പക്ഷവുമായി സി.പി.എം ചര്‍ച്ച നടത്തുന്നത്. പാലായില്ലെന്ന് ഉറപ്പായതോടെ ബദല്‍ രാഷ്ട്രീയ മാര്‍ഗം തേടാനുള്ള ശ്രമം എന്‍.സി.പി നേതൃത്വത്തെ മുന്‍നിര്‍ത്തി കാപ്പനും ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് 16ന് എറണാകുളത്ത് എന്‍.സി.പി ഹൈപവര്‍ കമ്മിറ്റി യോഗം വിളിച്ചത്. പാലാ സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന തീരുമാനം യോഗത്തിലുണ്ടാകും. ഈ തീരുമാനം എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം, എല്‍.ഡി.എഫ് നേതൃത്വങ്ങളെയും അറിയിക്കും. പാലാ നഷ്ടമാവുന്ന സാഹചര്യമുണ്ടായാല്‍ യുക്തമായ തീരുമാനമെടുക്കാന്‍ സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തും.
പരസ്യമായ അഭിപ്രായപ്രകടനത്തിനു കാപ്പന്‍ മുതിരില്ല. പാലാ സീറ്റ് ഉള്‍പ്പെടെ വിജയിച്ച സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം ശരത് പവാര്‍ നില്‍ക്കും. സീറ്റുകള്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ മുന്നണി മാറ്റമടക്കമുള്ള തീരുമാനം പവാറിന്റെ ഭാഗത്തു നിന്നുണ്ടായേക്കും.
എന്നാല്‍, സീറ്റിന്റെ പേരിലുള്ള മുന്നണി മാറ്റത്തിന് മന്ത്രി എ.കെ ശശീന്ദ്രന്‍ അനുകൂലമല്ല. താന്‍ ഇടതുപക്ഷത്തു തന്നെ നില്‍ക്കുമെന്ന് ശശീന്ദ്രന്‍ എന്‍.സി.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്‍.സി.പി മുന്നണി വിടുന്ന സാഹചര്യമുണ്ടായാല്‍ ശശീന്ദ്രനു ബദല്‍മാര്‍ഗം ആലോചിക്കേണ്ടി വരും. ജനതാദള്‍- എസിലെ അസംതൃപ്തരായ സി.കെ നാണു വിഭാഗവുമായി കൈകോര്‍ക്കാനുള്ള ചര്‍ച്ചകള്‍ക്ക് ശശീന്ദ്രന്‍ തുടക്കമിട്ടിട്ടുമുണ്ട്.
ജോസ് പക്ഷത്തെച്ചൊല്ലി എല്‍.ഡി.എഫിലുയരുന്ന തര്‍ക്കം മുതലെടുക്കാന്‍ യു.ഡി.എഫും കോണ്‍ഗ്രസും ശ്രമിക്കും. മുന്നണി വിട്ടാല്‍ കാപ്പന് രാഷ്ട്രീയ സംരക്ഷണം നല്‍കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കള്‍ നല്‍കിയിട്ടുണ്ട്. പാലായില്‍ ജോസ് മത്സരിച്ചാല്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് പി.ജെ ജോസഫും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. എന്‍.സി.പിയെ യു.ഡി.എഫിലെത്തിക്കാനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് ജോസഫിന്റെ പ്രതികരണം. എന്‍.സി.പിയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കാപ്പനും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ക്കും അടുത്ത ബന്ധമാണുള്ളത്. യു.ഡി.എഫുമായി സഹകരിക്കുന്നതിനോട് പവാറിനും എതിര്‍പ്പുണ്ടാവില്ല. താരിഖ് അന്‍വറിനെ മുന്നില്‍ നിര്‍ത്തി എന്‍.സി.പിയെ മുന്നണിയിലെത്തിച്ച് എല്‍.ഡി.എഫിന് രാഷ്ട്രീയപ്രഹരം നല്‍കാന്‍ യു.ഡി.എഫും ശ്രമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."