പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു
തൊടുപുഴ: പെരിയാറില്‍ കുളിക്കാനിറങ്ങിയ അയല്‍വാസികളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ഇടുക്കി തടിയമ്പാട് കുടിയിങ്കല്‍ ജിജിയുടെയും മായയുടെയും മകന് വിവേക്(13), കുന്നേല്‍ ഷാനിന്റെയും മഞ്ചുവിന്റെയും മകന് ദ്രോണ(8) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലിന് തടിയംപാട് മഞ്ഞപ്പാറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. വിവേക് വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയും ദ്രോണ കരിമ്പന്‍ സെന്റ് തോമസ് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയുമാണ്. രണ്ടുപേരുടെയും കുടുംബങ്ങള്‍ മഞ്ഞപ്പാറയില്‍ ഒരു വീടിന്റെ രണ്ട് മുറികളിലായി വാടകയ്ക്ക് താമസിക്കുകയാണ്. പെരിയാറിന്റെ കരയിലാണ് ഇവര്‍ താമസിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് നാലുകുട്ടികള്‍ ചേര്‍ന്നാണ് ഇവിടെ കുളിക്കാനിറങ്ങിയത്. സമീപം ദ്രോണയുടെ മാതാവ് മഞ്ചു തുണിയലക്കുന്നുണ്ടായിരുന്നു. കുളിക്കുന്നതിനിടെ മൂന്നുകുട്ടികള്‍ വെള്ളത്തില്‍ താഴ്ന്നുപോയി. കുട്ടികളെ രക്ഷിക്കുന്നതിനായി ഇറങ്ങിയ മഞ്ചുവും വെള്ളത്തില്‍ താഴ്ന്നു. കൂട്ടത്തിലുണ്ടായിരുന്ന ശ്രീക്കുട്ടന്(14) മഞ്ചുവിനെയും ഒരു കുട്ടിയെയും രക്ഷപ്പെടുത്തി. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും മുങ്ങിയെടുത്തെങ്കിലും മരിച്ചിരുന്നു. വിവേകിന്റെ സഹോദരന് വിശാല്‍, ദ്രോണയുടെ സഹോദരന് ദക്ഷിണ. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."