കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മയ്യിത്ത് പരിപാലനം: ആശങ്കയുടെ ആവശ്യമില്ല, സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം തന്നെ - കെ.ടി ജലീല്‍
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട് യാതൊരു ആശ്ങ്കയും ആവശ്യമില്ലെന്ന് മന്ത്രി കെയ.ടി ജലീല്‍. ഇത് സംബന്ധിച്ച മതനേതാക്കളുടെ ആവശ്യം ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഹെല്‍ത്ത് പ്രൊട്ടോക്കോള്‍ പാലിച്ച് വേണ്ടത് ചെയ്യാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കാമെന്ന് അവര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ആരാധനാലയങ്ങള്‍ തുറക്കുന്ന വിഷയത്തിലും കൂട്ടപ്രാര്‍ത്ഥനയുടെ കാര്യത്തിലും മതാചാര പരിപാലനങ്ങളിലും ഹെല്‍ത്ത് പ്രൊട്ടോക്കോള്‍ പാലിച്ചു വേണമെന്ന വ്യവസ്ഥയില്‍ വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കാര്യത്തിലും സമാന സമീപനം തന്നെയാകും ഉണ്ടാവുകെന്നും മന്ത്രി കുറിപ്പില്‍ പറയുന്നു.
കൊവിഡ് മരണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന മൃതദേഹങ്ങള്‍ പരിപാലിച്ച് സംസ്‌കരിക്കുന്നതിന് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഇളവുകള്‍ അനുവദിക്കണം എന്ന് മുസ്‌ലിം മത സംഘടനാ നേതാക്കള്‍ കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം
കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ മതാചാരപ്രകാരം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് മതനേതാക്കളുടെ ഒരു സംയുക്ത പ്രസ്താവന ഇന്ന് കാണാനിടയായി.
നേരത്തെതന്നെ ബന്ധുക്കളുടെ ആവശ്യപ്രകാരം ഹെല്‍ത്ത് പ്രൊട്ടോക്കോള്‍ പാലിച്ച് മൃതദേഹങ്ങള്‍ മതാചാരപ്രകാരം സംസ്‌കരിക്കുവാനുള്ള
സൗകര്യം പല സ്ഥലങ്ങളിലും ആരോഗ്യ ഉദ്യോഗസ്ഥര്‍ തന്നെ ചെയ്തു കൊടുത്തിരുന്നു. എന്നാല്‍ ചില സ്ഥലങ്ങളില്‍ ചില ബുദ്ധിമുട്ടുകള്‍ അതുമായി ബന്ധപ്പെട്ട് നേരിടുന്നുണ്ടെന്നും അതുകൊണ്ടുതന്നെ പ്രസ്തുത വിഷയത്തില്‍ ഒരു ഔദ്യോഗിക സ്വഭാവമുണ്ടാകാന്‍ അധികൃതര്‍ മുന്‍കയ്യെടുക്കണമെന്നുമാണ് മതനേതാക്കളുടെ അഭ്യര്‍ത്ഥനയുടെ രത്‌നച്ചുരുക്കം.
കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയവെയാണ് ഇന്ന് രാവിലെ ബന്ധപ്പെട്ട വാര്‍ത്ത പത്രങ്ങളില്‍ വായിക്കാനിടയായത്. ഉടനെ തന്നെ പ്രസ്തുത വിവരം ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി ഷൈലജ ടീച്ചറെ ഫോണില്‍ വിളിച്ച് ശ്രദ്ധയില്‍ പെടുത്തി. ഹെല്‍ത്ത് പ്രൊട്ടോക്കോള്‍ പാലിച്ച് വേണ്ടത് ചെയ്യാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കാമെന്ന് ടീച്ചര്‍ വ്യക്തമാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും ആര്‍ക്കും ഉണ്ടാവേണ്ടതില്ല. ആരാധനാലയങ്ങള്‍ തുറക്കുന്ന വിഷയത്തിലും കൂട്ടപ്രാര്‍ത്ഥനയുടെ കാര്യത്തിലും മതാചാര പരിപാലനങ്ങളിലും ഹെല്‍ത്ത് പ്രൊട്ടോക്കോള്‍ പാലിച്ചു വേണമെന്ന വ്യവസ്ഥയില്‍ വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കാര്യത്തിലും സമാന സമീപനം തന്നെയാകും ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."