മഹേഷിന്റെ പ്രതികാരം 'ആത്മഹത്യയോട് '
കാട്ടാക്കട: പത്തു വര്‍ഷത്തിനിപ്പുറം 16 മരണങ്ങള്‍. അതിലുമേറെ ആത്മഹത്യാ ശ്രമങ്ങള്‍. ഇതൊക്കെയാണ് കരമനയാര്‍ കടന്നുപോകുന്ന പേയാട് അരുവിപ്പുറം ആറിന് മരണ ചുഴി എന്ന ദുഷ്‌പേര് കിട്ടാന്‍ കാരണം. ഇനിയൊരു ജീവനും ഈ പുഴയില്‍ പൊലിയരുതെന്ന വാശിയോടെ ഒരു ചെറുപ്പക്കാരന്‍ ഇപ്പോള്‍ കാവലുണ്ടിവിടെ. അരുവിപ്പുറം എം.എസ് ഭവനില്‍ മഹേഷ്. മഹേഷിന്റെ പ്രതികാരം ആത്മഹത്യയോടാണ്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മരണത്തിന് വിട്ടുനല്‍കാതെ മഹേഷ് ആഴക്കയത്തില്‍ നിന്ന് മുങ്ങിയെടുത്തത് മൂന്നു പേരെ. പേയാട് ഭജനമഠം, തച്ചോട്ടുകാവ് സ്വദേശികളായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെയും മലയിന്‍കീഴ് സ്വദേശിയായ യുവാവിനെയും മരണക്കയം തേടിയെത്തിയ നൂറോളം പേരെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് മടക്കി അയച്ചിട്ടുമുണ്ട് മഹേഷ്.
കൗമാരങ്ങള്‍ വഴുതിവീണ ബ്ലൂ വെയില്‍ പോലുള്ള മരണക്കളികള്‍ പ്രചരിച്ചിരുന്ന സമയം. രഹസ്യമായി ഈ ആത്മഹത്യാ ഗെയിമില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികള്‍ സാഹസിക നീന്തലിന് തെരഞ്ഞെടുത്തിരുന്ന ആറുകളില്‍ ഒന്നായിരുന്നു ഇത്. ഉച്ചനേരത്തും വൈകുന്നേരങ്ങളിലും മൊബൈല്‍ ഫോണുകളുമായി കൗമാരക്കാരുടെ ഒഴുക്കായിരുന്നു ആയിടയ്ക്ക് കടവിലും ആറിനു മധ്യത്തെ പാറക്കൂട്ടങ്ങളിലും. ഇക്കൂട്ടരെ പിന്തിരിപ്പിച്ചു വിടാന്‍ ജാഗ്രതയോടെ പുഴക്കരയിലുണ്ടായിരുന്നു മഹേഷ്.
പുറമേ ശാന്തമാണ് അരുവിപ്പുറം നദി. അടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്നത് അപകടകരമായ ചുഴികളും കയങ്ങളും. പത്ത് വര്‍ഷം മുന്‍പുവരെ വിളപ്പില്‍ പഞ്ചായത്ത് മണല്‍ഖനം നടത്തി ലേലം ചെയ്തിരുന്നത് ഇവിടെ നിന്നാണ്. പിന്നെ അനധികൃത വൈഡൂര്യ ഖനവും. ഇതൊക്കെയാണ് പുഴയില്‍ അന്‍പതടിയിലേറെ താഴ്ചയുള്ള കയങ്ങള്‍ സൃഷ്ടിച്ചതെന്ന് മഹേഷ്. പറയുന്നു. മരണങ്ങള്‍ പെരുകിയതോടെ ആറിന്റെ തീരത്ത് പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. എങ്കിലും സമീപത്ത് താമസിക്കുന്ന മഹേഷിന്റെ കണ്ണുകള്‍ ആറ്റിലാണ്. ഒരു കാവല്‍ക്കാരന്റെ കരുതലോടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."