ചിന്മയാനന്ദിനെതിരായ പീഡനക്കേസില്‍ പെണ്‍കുട്ടി കൂറുമാറി, കള്ളസാക്ഷ്യം പറഞ്ഞതിന് കേസെടുക്കണമെന്ന് പ്രോസിക്യൂഷന്
ലക്നൗ: ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരായ പീഡനക്കേസില്‍ പെണ്‍കുട്ടി മൊഴിമാറ്റി. കഴിഞ്ഞ ദിവസം ലക്നൗവിലെ പ്രത്യേക കോടതിയില്‍ വിചാരണയ്ക്കിടെയായിരുന്നു 23കാരിയായ കോളജ് വിദ്യാര്‍ഥിനി മൊഴി മാറ്റിയത്.
കേസില്‍ താന്‍ മുന്‍പ് നല്കിയ മൊഴികളും പ്രോസിക്യൂഷന്റെ കണ്ടെത്തലുകളും പെണ്‍കുട്ടി നിഷേധിച്ചു. ഇതോടെ, ഇവര്‍ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട പ്രോസിക്യൂഷന്, കള്ളസാക്ഷ്യം പറഞ്ഞതിന് പെണ്‍കുട്ടിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഇതില്‍ കോടതി അടുത്ത ദിവസം വാദം കേള്‍ക്കും.
കഴിഞ്ഞ വര്‍ഷമായിരുന്നു ചിന്മയാനന്ദ് പലതവണ പീഡിപ്പിച്ചതായി ഇയാളുടെ കീഴിലുള്ള കോളജില്‍ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി ആരോപിച്ചിരുന്നത്. കേസ് വലിയതോതില്‍ രാഷ്ട്രീയ വിവാദമാകുകയും അലഹബാദ് ഹൈക്കോടതിയുടെ നേതൃത്വത്തില്‍ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്തിരുന്നു.
കേസില്‍ അറസ്റ്റിലായ ചിന്മയാനന്ദ് കഴിഞ്ഞ വര്‍ഷം ജാമ്യത്തിലിറങ്ങി. ഇയാളില്‍നിന്നു പണം ആവശ്യപ്പെട്ടെന്ന ആരോപണത്തിനു പിന്നാലെ പെണ്‍കുട്ടിയെയും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."