സസ്‌പെന്‍ഷനിലായ പൊലിസുകാരനെതിരേ പരാതിയുമായി വീണ്ടും യുവതി
കാസര്‍കോട്: കോഴി വ്യാപാരത്തിന്റെ പേരില്‍ യുവാവിനെയും തടയാന്‍ ചെന്ന ഭാര്യയെയും മര്‍ദിച്ചുവെന്ന സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത പൊലിസുകാരനെതിരേ പരാതിയുമായി യുവതി വീണ്ടും രംഗത്ത്. വീട്ടിലേക്കുള്ള വെള്ളവും വൈദ്യുതിയും മുടക്കിയും ജീവന് ഭീഷണിയുയര്‍ത്തിയും കുടുംബത്തെ നിരന്തരം പീഡിപ്പിക്കുന്നതായാണു പരാതി. വിദ്യാനഗറിലെ പി.എ ഹര്‍ഷയാണ് ഭര്‍ത്താവും രണ്ടു പിഞ്ചുമക്കളുമടങ്ങുന്ന കുടുംബത്തെ നിരന്തരം വേട്ടയാടുന്നതായി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ഭര്‍ത്താവായ കെ. അജീഷും ആറുവയസുള്ള മകള്‍ ജിഷ്ണയും ഏഴുമാസം പ്രായമുള്ള മകന്‍ അരുഷുമടങ്ങുന്ന കുടുംബം രണ്ടര വര്‍ഷത്തോളമായി വിദ്യാനഗര്‍ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറായ പ്രദീപ്കുമാര്‍ ചവറയുടെ വീടിന്റെ മുകളില്‍ വാടകയ്ക്കു താമസിക്കുകയാണ്.
അജീഷ് മുന്‍പ് പ്രദീപിന്റെ കോഴി വണ്ടിയുടെ ഡ്രൈവറും ബിസിനസ് പങ്കാളിയുമായിരുന്നു. എന്നാല്‍, തന്റെ ഭര്‍ത്താവിനു ശമ്പളമോ ലാഭ വിഹിതമോ കൊടുത്തിരുന്നില്ല. പണം ചോദിച്ചപ്പോഴൊക്കെ പ്രദീപ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള പിതാവിന്റെ പേരില്‍ മധൂര്‍ ചേനക്കോടിലുള്ള അഞ്ച് സെന്റ് സ്ഥലത്തിന്റെ ആധാരവും ഇയാള്‍ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും യുവതി ആരോപിച്ചു. ഇതിനെതിരേ എസ്.എസ്.ബിയിലും വിദ്യാനഗര്‍ സ്റ്റേഷനിലും എസ്.പിക്കും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്. പരാതി പ്രകാരം വിദ്യാനഗര്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച കുടുംബത്തോട് പക്ഷാപാതപരമായാണ് പൊലിസ് പെരുമാറിയതെന്നും ഇവര്‍ ആരോപിച്ചു. പരാതി നല്‍കിയതിനു ശേഷം ഇയാള്‍ വാടക വീട്ടില്‍ നിന്നു പുറത്താക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
വൈദ്യുതി കണക്ഷന്‍ ഇവരുടെ പരാതി പ്രകാരം കെ.എസ്.ഇ.ബി പുനഃസ്ഥാപിച്ചു നല്‍കിയിട്ടുണ്ട്.
ഒന്നര വര്‍ഷത്തോളം ഇയാളുടെ കീഴില്‍ ജോലി ചെയ്ത തന്റെ ഭര്‍ത്താവിനു ശമ്പളയിനത്തില്‍ മൂന്നര ലക്ഷത്തോളം രൂപ നല്‍കാനുണ്ട്. കൂടാതെ പങ്കാളി എന്ന നിലയില്‍ ലാഭവിഹിതവും കിട്ടാനുണ്ട്. ഇയാള്‍ അന്യാധീനപ്പെടുത്തിയ തന്റെ പിതാവിന്റെ സ്വത്തും പണവും ലഭിച്ചാല്‍ ഇയാളുടെ വിട്ടില്‍ നിന്നൊഴിഞ്ഞു കൊടുക്കാമെന്നും സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടല്ലാതെ തങ്ങള്‍ക്ക് പോകാന്‍ ഇടമില്ലെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ യുവതിയുടെ ഭര്‍ത്താവും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."