മംഗളൂരുവിലെ ആശുപത്രികളെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറുന്നു
നീലേശ്വരം: മംഗളൂരുവിലെ ആശുപത്രികളെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു. 2016 ഓഗസ്റ്റ് നാലിനു മംഗളൂരുവിലെ ആശുപത്രികളിലെ ചികിത്സയ്ക്ക് പ്രത്യേക അനുമതി നല്‍കുന്നതിനു കാരുണ്യ ബനവലന്റ് ഫണ്ടിന്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ അതു നടപ്പായിരുന്നില്ല. ഇതില്‍ നിന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പൂര്‍ണമായും പിന്നോട്ടു പോകുന്നത്.
ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴില്‍ സമഗ്ര ആരോഗ്യപദ്ധതി നടപ്പാക്കുന്ന കാര്യം സജീവപരിഗണനയിലുള്ളതിനാലാണ് മംഗളൂരുവിലെ ആശുപത്രികളെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
ജില്ലയിലെ ജനങ്ങള്‍ ഏറെയും മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിക്കുന്നവരാണ്. വലിയ അസുഖങ്ങളുടെ ചികിത്സയ്ക്കാണു ഇവിടങ്ങളിലെ ആശുപത്രികളെ പ്രധാനമായും ആശ്രയിക്കുന്നത്.
എന്നാല്‍ കാരുണ്യ പദ്ധതിയുടെ സഹായം ഇവര്‍ക്കു ലഭ്യമല്ല. ജില്ലയില്‍ മെഡിക്കല്‍ കോളജ് ഇല്ലാത്തതിനാലാണ് ജില്ലയിലെ ജനങ്ങള്‍ക്ക് അടുത്ത പ്രദേശമെന്ന നിലയില്‍ മംഗളൂരുവിനെ ആശ്രയിക്കേണ്ടിവരുന്നത്.
ചുരുങ്ങിയ ചെലവില്‍ ട്രെയിനില്‍ പോയിവരാമെന്ന സൗകര്യവുമുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും കാരുണ്യ പദ്ധതിയിന്‍ കീഴില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഇവിടങ്ങളില്‍ മതിയായ ചികിത്സാ സൗകര്യം ലഭ്യമല്ല. മാലിക് ദീനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍, കെയര്‍വെല്‍ ഹോസ്പിറ്റല്‍ എന്നീ സ്വകാര്യ ആശുപത്രികള്‍ക്കും പദ്ധതിയില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."